തിരുവനന്തപുരം: വിജയദശമി നാളിൽ നാവിലും അരിയിലും ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്റെ വെളിച്ചത്തിലേക്ക് കടക്കുന്നു. നവരാത്രിയുടെ അവസാന നാൾ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തിൽ, കുരുന്നുകളിൽ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വൻതിരക്കാണ്. ക്ഷേത്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾ.

കോവിഡിന് ശേഷം ആദ്യമായി വിപുലമായ ചടങ്ങുകളോടെ വിദ്യാരംഭം നടക്കുന്നുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. കൊല്ലൂർ മൂകാംബികാ ദേവീക്ഷേത്രത്തിൽ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകൾക്കായി എത്തിയിട്ടുള്ളത്. ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് പുലർച്ചെ മുതൽ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കുട്ടികളെ എഴുത്തിനിരുത്താൻ എത്തുന്ന ക്ഷേത്രം കൂടിയാണ് പനച്ചിക്കാട്. പുലർച്ചെതന്നെ ഇവിടെ ചടങ്ങുകൾ ആരംഭിച്ചിരുന്നു.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും പുലർച്ചെ എഴുത്തിനിരുത്തൽ ചടങ്ങ് ആരംഭിച്ചിരുന്നു. പനച്ചിക്കാട് ക്ഷേത്രം, പൂജപ്പുര, തുഞ്ചൻപറമ്പ്, കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര എന്നിവിടങ്ങളിലൊക്കെ വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു