ന്യൂഡൽഹി: ആശ്രിത നിയമനം അവകാശമല്ലെന്ന് സുപ്രിംകോടതി. ജോലിയിലിരിക്കുന്നയാള്‍ മരിച്ചതിനെ തുടര്‍ന്ന് അനന്തരാവകാശികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധിയെ അതിജീവിക്കാന്‍ നല്‍കേണ്ടതാണ് ആശ്രിത നിയമനമാണെന്നും നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരുടെ ബഞ്ചിന്റേതാണ് ഉത്തരവ്. ഫെര്‍ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്) എന്ന സ്ഥാപനത്തില്‍ ആശ്രിതനിമനം നല്‍കണമെന്ന കേരളത്തില്‍ നിന്നുള്ള യുവതിയുടെ ആവശ്യം സുപ്രിംകോടതി ഇവര്‍ റദ്ദാക്കിയിരുന്നു.

പിതാവ് സര്‍വീസിലിരിക്കെയാണ് മരിച്ചതെന്നും അതിനാല്‍ ആശ്രിത നിയമനം ലഭിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. മരണ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ആരോഗ്യ വകുപ്പില്‍ ജോലിചെയ്യുന്നതിനാല്‍ യുവതിക്ക് പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. അതിനാൽ തന്നെ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. 

1995ലാണ് യുവതിയുടെ പിതാവ് മരണപ്പെടുന്നത്. ആശ്രിത നിയമനത്തിനായുള്ള യുവതിയുടെ ഹര്‍ജി പരിഗണിക്കാന്‍ കമ്പനിയോട് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഫാക്ട് സുപ്രിംകോടതിയെ സമീപിച്ചത്. യുവതിക്ക് ജോലി നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചതിനെതിരെ കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഡിവിഷന്‍ ബെഞ്ചും ശരിവെച്ചതോടെയാണ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്.