യു എസ് വൈസ് പ്രസിഡഡന്റ് കമലാ ഹാരിസുമായി വേദി പങ്കിട്ട് പ്രിയങ്ക ചോപ്ര. ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയുടെ വിമൻസ് ലീഡർഷിപ്പ് ഫോറത്തിന്റെ ഭാഗമായി വൈസ് പ്രസിഡന്റിനെ അഭിമുഖം ചെയ്യാൻ എത്തിയ പ്രിയങ്ക ഇന്ത്യൻ ബന്ധങ്ങൾ, വിവാഹ സമത്വം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച്  പ്രതിപാദിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

ഞങ്ങൾ രണ്ടുപേരും ഒരു തരത്തിൽ ഇന്ത്യയുടെ പുത്രിമാരാണെന്ന് ഞാൻ കരുതുന്നുവെന്ന് പ്രിയങ്ക ചോപ്ര, സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട രാജ്യത്തുടനീളമുള്ള പ്രമുഖ ഡെമോക്രാറ്റുകളെ സാക്ഷിയാക്കി പറഞ്ഞു. 

“നിങ്ങൾ ഒരു ഇന്ത്യൻ അമ്മയുടെയും ജമൈക്കൻ പിതാവിന്റെയും അമേരിക്കയിൽ ജനിച്ച അഭിമാനിയായ മകളാണ്. ഡോക്ടർമാരായ മാതാപിതാക്കൾക്ക് ജനിച്ച ഒരു ഇന്ത്യക്കാരിയാണ് ഞാൻ. അമേരിക്കൻ സ്വപ്നത്തിൽ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്ന ഞാൻ ഈ രാജ്യത്ത് ഈ ഇടെയാണ് കുടിയേറിയത്.”- പ്രിയങ്ക പറഞ്ഞു. 

ലോകമെമ്പാടുമുള്ള പ്രതീക്ഷയുടെയും സ്വാതന്ത്ര്യത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ദീപമായാണ് അമേരിക്കയെ കണക്കാക്കുന്നതെന്ന് പ്രിയങ്ക ചോപ്ര കൂട്ടിച്ചേർത്തു. ഈ തത്ത്വങ്ങൾ ഇപ്പോൾ അനന്തമായി ആക്രമിക്കപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു. 20 വർഷത്തിലേറെയായി ജോലി ചെയ്യുന്നുവെങ്കിലും ഈ വർഷം മാത്രമാണ് തനിക്ക് പുരുഷ താരങ്ങൾക്ക് തുല്യമായ പ്രതിഫലം ലഭിച്ചതെന്നും നടി പറഞ്ഞു. വിവാഹ സമത്വ വിഷയത്തെ കുറിച്ചും പ്രിയങ്ക പ്രതിപാദിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, തങ്ങൾ ഒരു അസ്ഥിരമായ ലോകത്താണ് ജീവിക്കുന്നതെന്ന് കമല ഹാരിസ് സമ്മതിച്ചു. “ഞാൻ ഉപരാഷ്ട്രപതി എന്ന നിലയിൽ ലോകമെമ്പാടും സഞ്ചരിക്കുന്നു. 100 ലോക നേതാക്കളുമായി നേരിട്ടോ ഫോണിലൂടെയോ സംസാരിച്ചു, ഞങ്ങൾ വളരെക്കാലമായി എടുത്തുകാണിച്ച കാര്യങ്ങൾ ഇപ്പോൾ ചർച്ചയ്ക്കും ചോദ്യത്തിനും വിധേയമാണ്. ഉദാഹരണത്തിന്, ഉക്രെയ്നിലെ റഷ്യയുടെ പ്രകോപനമില്ലാത്ത യുദ്ധം നിങ്ങൾ നോക്കു. പ്രദേശിക സമഗ്രതയുടെയും പരമാധികാരത്തിന്റെയും പ്രശ്‌നം വളരെ നന്നായി പരിഹരിച്ചുവെന്ന് ഞങ്ങൾ കരുതി, ഇപ്പോൾ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കണക്കിലെടുക്കുമ്പോൾ അത് ചില ചർച്ചകൾക്ക് വിധേയമാണ്”-  കമല ഹാരിസ് പറഞ്ഞൂ.