ബോംബ് ഭീഷണിയുണ്ടായ ഇറാനിയൻ വിമാനം ചൈനയിലെത്തി. ചൈനയിലെ ഗാങ്‌സൂ വിമാനത്താവളത്തിലാണ് ഫ്‌ളൈറ്റ് ലാൻഡ് ചെയ്തത്. ഇറാനിലെ ടെഹ്റാനിൽ നിന്ന് ചൈനയിലെ ഗാങ്‌സൂ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനായി അനുമതി തേടിയിരുന്നു. 

എന്നാൽ ഇന്ത്യൻ എയർഫോഴ്‌സ് അനുമതി നിഷേധിക്കുകയായിരുന്നു. അതീവ ഗൗരവത്തോടെയാണ് വിഷയം ഇന്ത്യ എടുത്തത്. ഇറാൻ മഹാൻ എയർ വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. 9.20 ഓടെ ഇന്ത്യയുടെ വ്യോമ അതിർത്തിയിലെത്തിയപ്പോഴാണ് ബോംബുണ്ടെന്ന വിവരം ലഭിക്കുന്നത്. വിമാനത്തെ നിരീക്ഷിക്കാനായി പഞ്ചാബ്, ജോധ്പൂർ എയർബസിൽ നിന്നുള്ള സുഖോയ് യുദ്ധവിമാനങ്ങളേയും ഇന്ത്യ സജ്ജമാക്കിയിരുന്നു. 

സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് വിമാനം ഇന്ത്യയിലിറക്കാൻ അനുമതി നൽകാതിരുന്നത്. സുഖോയ് വിമാനങ്ങൾ ആകാശത്ത് വെച്ച് തന്നെ ഇറാനെ തടഞ്ഞിരുന്നു. 9.20 മുതൽ 10.5 വരെ വിമാനം ഡൽഹിയുടെ വ്യോമപരിധിയിലുണ്ടായിരുന്നു. ഈ സമയമാണ് സുഖോയ് വിമാനങ്ങൾ വളഞ്ഞത്.