ടോക്കിയോ: ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ. അഞ്ച് വർഷത്തിനിടെ ഇത് ആദ്യമായാണ് ഉത്തരകൊറിയ ജപ്പാനുനേരെ മിസൈൽ വിക്ഷേപിക്കുന്നത്. സംഭവത്തിന് പിന്നാലെ വടക്കൻ ജപ്പാനിലെ പൗരന്മാരോട് ഭൂഗർഭ അറകൾ അടക്കമുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. 

ഉത്തരകൊറിയ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട മിസൈൽ പരീക്ഷണമായിരുന്നു ഇത്. അമേരിക്കൽ പ്രദേശമായ ഗുവാമിൽ എത്താൻ ശേഷിയുള്ള ഹ്വാസോങ്-12 മിസൈലാണ് ഉത്തരകൊറിയ തൊടുത്തുവിട്ടത്. വിക്ഷേപണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ദക്ഷിണ കൊറിയയും ജപ്പാനും സുരക്ഷാ യോഗങ്ങൾ വിളിച്ചിട്ടുണ്ട്. മേഖലയിലെ ട്രെയിൻ സർവ്വീസുകള് അടക്കം റദ്ദാക്കിയിട്ടുണ്ട്. 

ഉത്തരകൊറിയയിൽ നിന്ന് തൊടുത്ത മിസൈൽ ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തിൽ പതിച്ചതായി കരുതുന്നതായി ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  2017ൽ ഉത്തരകൊറിയ ജപ്പാന് മുകളിലൂടെ ഹ്വാസോങ്-12 മിസൈൽ വിക്ഷേപിച്ചിരുന്നു. മിസൈലിന്റെ ദൂരപരിധി 4000 കിലോമീറ്ററാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ പറഞ്ഞു. 

വിക്ഷേപണത്തെ കുറിച്ച് ചർച്ച ചെയ്യാൻ താൻ ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ടെന്നും ഉത്തരകൊറിയയുടെ ‘അശ്രദ്ധമായ ആണവ പ്രകോപനങ്ങൾ’ ദക്ഷിണേന്ത്യയുടെയും വിശാലമായ അന്താരാഷ്ട്ര സമൂഹത്തിന്റെയും കടുത്ത പ്രതികരണത്തെ നേരിടുമെന്നും യൂൺ പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഉത്തര കൊറിയ നടത്തിയ അഞ്ചാം റൗണ്ട് ആയുധ പരീക്ഷണമാണ് വിക്ഷേപണം.

കഴിഞ്ഞ നാല് റൗണ്ട് വിക്ഷേപണങ്ങളിൽ തൊടുത്തുവിട്ട മിസൈലുകൾ ഹ്രസ്വദൂരവും കൊറിയൻ പെനിൻസുലയ്ക്കും ജപ്പാനും ഇടയിലുള്ള ജലാശയത്തിലാണ് പതിച്ചത്.