പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിമാചല്‍ പ്രദേശ് സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുന്നതിനെത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദ്ദേശം. സുരക്ഷാ പാസിനു വേണ്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രിന്റ്, ഡിജിറ്റല്‍, ന്യൂസ് ടെലിവിഷന്‍ പത്രപ്രവര്‍ത്തകര്‍ക്കൊപ്പം ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ മാധ്യമങ്ങളുടെ പ്രതിനിധികളോടും സര്‍ട്ടിഫിക്കറ്റ് തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച പോലീസ് ഔദ്യോഗിക അറിയിപ്പും പുറപ്പെടുവിച്ചു.

മാധ്യമപ്രവര്‍ത്തകര്‍, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, ദൂരദര്‍ശന്‍, എഐആര്‍ ടീമുകള്‍ എന്നിവരുടെ ഒരു പട്ടിക, സ്വഭാവ സര്‍ട്ടിഫിക്കറ്റ് സഹിതം നല്‍കാനാണ് ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസറോട് (ഡിപിആര്‍ഒ) ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ഒക്ടോബര്‍ ഒന്നിനകം ബിലാസ്പൂരിലെ സിഐഡി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫ് പോലീസ് ഓഫീസില്‍ നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. റാലിയിലോ മീറ്റിംഗിലോ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഓഫീസ് തീരുമാനിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

22 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ആവശ്യത്തിന് താന്‍ സാക്ഷ്യം വഹിക്കുന്നതെന്ന് എഎപി വക്താവ് പങ്കജ് പണ്ഡിറ്റ് പറഞ്ഞു. മോദി ആദ്യമായിട്ടല്ല സംസ്ഥാനം സന്ദര്‍ശിക്കുന്നത്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആവശ്യം അപമാനകരവും മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശ്രമവുമാണ്,’ പണ്ഡിറ്റ് പറഞ്ഞു. ഹിമാചല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുഖ്യ വക്താവ് നരേഷ് ചൗഹാനും നിര്‍ദ്ദേശത്തെ അപലപിക്കുകയും ഈ നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നും പറഞ്ഞു.

ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ സ്വീകരിച്ച് സുരക്ഷാ പാസുകള്‍ നല്‍കാന്‍ ബിലാസ്പൂര്‍ ഡിപിആര്‍ഒ വിസമ്മതിച്ചു. സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന നിലപാടിലാണ് അവര്‍. മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഐഡി കാര്‍ഡില്‍ ഔദ്യോഗിക മുദ്ര പതിപ്പിക്കാന്‍ പോലും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരോട് സ്വഭാവ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ റാലിയില്‍ പങ്കെടുക്കാന്‍ കൊണ്ടുവരുന്ന ആയിരങ്ങള്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. നാളെ ഹിമാചല്‍ പ്രദേശിലെത്തുന്ന പ്രധാനമന്ത്രി എയിംസ് ക്യാമ്പസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബിലാസ്പൂരില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യും. കുളു ദസറ ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.