കന്നുകാലികളിലെ ലംപി വൈറസ് രോഗ വ്യാപനത്തില്‍ കേന്ദസര്‍ക്കാരിനെതിരെ 
മഹാരാഷ്ട്ര കോണ്‍ഗ്രസ് മേധാവി നാനാ പടോലെ .നൈജീരിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളുമായാണ് ലംപി രോഗവാഹകരെന്നും അദ്ദേഹം ആരോപിക്കുന്നു.നൈജീരിയയില്‍ വളരെക്കാലമായി ഈ ലംപി വൈറസ് ഉണ്ട്. അവിടെ നിന്നാണ് ചീറ്റപ്പുലികളെയും കൊണ്ടുവന്നത്. കര്‍ഷകര്‍ക്ക് നഷ്ടം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വമാണ് ഇത് ചെയ്തതെന്നും പടോലെ പറഞ്ഞു.

‘വിദേശത്തുനിന്നും ചീറ്റപ്പുലികളെ കൊണ്ടുവരുന്നത് കൊണ്ട് രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങളും വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കപ്പെടില്ല. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് ചീറ്റപ്പുലികളെ കൊണ്ടുവന്നത്, തുടര്‍ന്ന് രാജ്യത്ത് ലംപി വൈറസ് പടര്‍ന്നു’ അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് 700 രൂപ കഴിഞ്ഞ വര്‍ഷത്തെ ബോണസായും 1000 രൂപ ഈ വര്‍ഷം ബോണസായി നല്‍കണമെന്നും പടോലെ ആവശ്യപ്പെട്ടു.

വിചിത്രമായ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി ബിജെപിയുടെ ഷെഹ്സാദ് പൂനവല്ല രംഗത്തെത്തി. ‘നൈജീരിയയില്‍ നിന്നാണ് ലംപി വൈറസ് ഉണ്ടായതെന്നും മോദി ചീറ്റകളെ കൊണ്ടുവന്നതുകൊണ്ടാണ് ഇത് വന്നതെന്നും മഹാരാഷ്ട്രയിലെ രാഹുല്‍ ഗാന്ധിയായ നാനാ പടോലെ പറയുന്നു. നമീബിയയില്‍ നിന്നാണ് ചീറ്റകള്‍ വന്നത്. നൈജീരിയയും നമീബിയയും വ്യത്യസ്ത രാജ്യങ്ങളാണെന്ന് അദ്ദേഹത്തിന് അറിയാമോ? കോണ്‍ഗ്രസ് എല്ലായ്പ്പോഴും ഇത്തരം നുണകളും കിംവദന്തികളും പ്രചരിപ്പിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.