ഹൈദരാബാദ്‌: തെറ്റായ ദിശയില്‍ വാഹനം ഓടിച്ചതിന് പോലീസ് ചെല്ലാന്‍ നല്‍കിയതില്‍ മനംനൊന്ത് 45 കാരന്‍ ബൈക്കിന് തീയിട്ടു. ഹൈദരാബാദിലെ അമീര്‍പേട്ട് മെട്രോ സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇയാള്‍ പതിവായി തെറ്റായ ദിശയിലാണ് വണ്ടി ഓടിക്കുന്നതെന്ന് ഹൈദരാബാദ് സിറ്റി പോലീസ് പറഞ്ഞു. 

ട്രാഫിക് പോലീസ് വാഹനം തടഞ്ഞതിനെ തുടര്‍ന്ന്, ഇരുചക്ര വാഹനത്തിന് തീയിടുന്ന വീഡിയോ പുറത്ത് വന്നതായി ഹൈദരാബാദ് ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ എ വി രംഗനാഥ് പറഞ്ഞു. തിങ്കളാഴ്ച എസ്ആര്‍ നഗര്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ ഹോം ഗാര്‍ഡ് ഓഫീസര്‍ മൈത്രിവനം ജംഗ്ഷനില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ വൈകിട്ട് 4.20ഓടെ ഒരാള്‍ എതിര്‍ദിശയില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തിയപ്പോള്‍, 45 കാരനായ അശോക് എന്നയാള്‍ തന്റെ കടയ്ക്കുള്ളില്‍ കയറി ഒരു കുപ്പി പെട്രോളുമായി മടങ്ങിയെത്തി വാഹനം കത്തിക്കുകയായിരുന്നു. ഡ്രൈവര്‍ തെറ്റായ ദിശയില്‍ ഓടിച്ചതിനാലാണ് വാഹനം നിര്‍ത്തിച്ചതെന്നും ഇത് യാത്രക്കാരനും റോഡിലുളള മറ്റുള്ളവര്‍ക്കും അപകടകടമാണെന്നും ഹൈദരാബാദ് ട്രാഫിക് പോലീസ് പറഞ്ഞു.