ശ്രീനഗർ: ജമ്മു കശ്മീരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 67 പേർക്ക് പരിക്കേറ്റു. 40 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ഉധംപൂർ ജില്ലയിലാണ് സംഭവം. താങ്ങാവുന്നതിലും അധികം യാത്രക്കാർ ബസിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

മൗംഗ്രി ഖോർ ഗലിയിൽ നിന്ന് ഉധംപൂർ ടൗണിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.