സഹോദരനുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. 
ഹൈദരാബാദിലെ ഗൗലിഗുഡയിലെ ലോഡ്ജിലാണ് 21 കാരിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഒരു മാസം മുമ്പ് ഭര്‍ത്താവിന്റെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഈ യുവതിക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെ ശനിയാഴ്ച്ച രാത്രിയിലാണ് കൊലപാതകം നടന്നത്.

ഭര്‍തൃസഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് രാജേന്ദ്രനഗര്‍ പോലീസ് സ്റ്റേഷനില്‍ യുവതിക്കെതിരെ കേസെടുത്തതിന് ശേഷമാണ് ഭര്‍ത്താവ് ഈ ബന്ധം കണ്ടെത്തിയത്. അന്നുമുതല്‍ ഭര്‍ത്താവിന്റെ സഹായത്തോടെ വിവിധ ലോഡ്ജുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. സെക്യൂരിറ്റി ജീവനക്കാരനായ രാമകൃഷ്ണ എന്ന പ്രതി കൊലപാതകത്തിന് ശേഷം കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഭാര്യ അരുണയെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. ലോഡ്ജിലെത്തിയ ഉദ്യോഗസ്ഥര്‍ അബോധാവസ്ഥയില്‍ യുവതി കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്.  ചോദ്യം ചെയ്യലില്‍,
ശനിയാഴ്ച രാത്രി ഏഴ് മണിയോടെ സാരിയും സ്‌കാര്‍ഫും ഉപയോഗിച്ച് രണ്ടാം ഭാര്യയായ അരുണയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്  പ്രതി സമ്മതിച്ചു.ഭാര്യ തന്റെ സഹോദരനുമായി വിവാഹേതര ബന്ധത്തിലായിരുന്നതിനാല്‍ അവളെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് രാമകൃഷ്ണന്‍ പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന് ശേഷം ഒരു വയസുളള മകനുമൊത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഇയാള്‍ക്കെതിരെ ഐപിസി 302 പ്രകാരം കേസെടുത്തിട്ടുണ്ട്.