കോട്ടയം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് കൂടിപ്പോയാൽ എത്ര വയസ്സുകാണും? പന്ത്രണ്ട് അല്ലെങ്കിൽ പതിമൂന്ന്. പാലാ സ്വദേശിനിയായ ഈ കുട്ടിക്കും അത്രയൊക്കെ പ്രായമേ വരികയുള്ളു. എന്നാൽ ഈ പ്രായത്തിലുള്ള കുട്ടിക്ക് ഒരു കാമുകനുണ്ട്. വയസ്സ് 42. പെൺകുട്ടിയുടെ പ്രായത്തിൻ്റെ ഇരട്ടിയിലധികം പ്രായം. കഴിഞ്ഞില്ല, കാമുകനും കാമുകിയും മയക്കുമരുന്നിന് അടിമകളുമാണ്. ഇതിൽ കാമുകി ആത്മഹത്യയ്ക്ക് ശ്രമിച്ചത് 18 തവണയും. ഇന്നത്തെ തലമുറയയുടെ ഭീതിജനകമായ ജീവിതയാത്രയുടെ പുതിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്. 

പാലാ നഗരസഭയും വിമുക്തിമിഷനും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രബോധന സെമിനാറിൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന കൂട്ടത്തിലാണ് പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി മിഷൻ ഡിഅഡിക്ഷൻ സെൻ്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കറും മുൻ കോളേജ് അദ്ധ്യാപികയുമായ ആശാ മരിയ പോൾ സംസ്ഥാനത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പാലായ്ക്കടുത്തുള്ള ഒരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഥയാണ് ആശാ മരിയ പോൾ അനുഭവങ്ങൾ പറയുന്നതിനിടയിൽ ചൂണ്ടിട്ടാണിച്ചത്. ഈ പെൺകുട്ടിയുടെ കാമുകന് 42 വയസ്സുണ്ട്. 

പ്രണയ ജീവിത്തിനിടയിൽ പിണക്കങ്ങളും ഇണക്കങ്ങളും പതിവാണ്. പക്ഷേ ഇവിടെ പിണക്കം വന്നാൽ കഥ മാറും. കാമുകനുമായി പിണങ്ങുന്ന നമയത്തൊക്കെ കാമുകി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. കാമുകനുമായി വഴക്കിടുന്ന പെൺകുട്ടി ഉടൻ ആത്മഹത്യ പ്രവണത കാണിക്കുന്നുണ്ടെന്നാണ് ആശ മരിയ പറയുന്നത്. 15 തവണയാണ് ഈ പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്ന് തവണ വാഹനങ്ങൾക്ക് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. 18 തവണയും ജീവൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും ആശ മരിയ പോൾ വ്യക്തമാക്കുന്നു. 

ഇത്തരത്തിൽ വഴി തെറ്റിയ നിരവധി കൗമാര കഥകളാണ് വിമുക്തി മിഷനിലേക്ക് ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നതെന്നും ആശ മരിയ പറയുന്നു. സ്‌കൂളിലെ സോഷ്യൽ ദിനത്തിൽ ബാത്ത് റൂമിൽ മദ്യപിച്ച് ലക്കുകെട്ട രീതിയിൽ കൗമാരക്കാരികളെ കണ്ടെത്തിയ കാര്യവും ഏകദിന ദിവസത്തെ ടൂറിന് പോയ കാമുകിയെ കാണാത്തതിൻ്റെ വിഷമത്തിൽ പതിനാലുകാരൻ കൈ ഞരമ്പ് മുറിച്ച സംഭവവുമൊക്കെ പരിപാടിയിൽ ചർച്ചയായി. ഇന്നത്തെ കുട്ടികൾ മയക്കുമരുന്നിനെയും മദ്യത്തെയും കൂട്ടുപിടിക്കുന്ന സംഭവങ്ങൾ ഇപ്പോൾ സാധാരണയാണെന്നും പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.