ന്യൂഡൽഹി: ലൈറ്റ് കോംബാക്ട് ഹെലികോപ്ടറുകൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ലൈറ്റ് കോംബാക്ട് ഹെലികോപ്ടറുകളുടെ ആദ്യ ബാച്ചാണ് വ്യോമസേനയുടെ ഭാഗമായിരിക്കുന്നത്. ജോധ്പൂരിൽ വെച്ച് നടന്ന ചടങ്ങിലാണ് രാജ്‌നാഥ് സിംഗ് ഹെലികോപ്ടറുകൾ കൈമാറിയത്. 

രാജ്‌നാഥ് സിംഗിന് പുറമെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, ഐഎഎഫ് മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുമാണ് പ്രചന്ദ് ഹെലികോപ്ടറുകൾ വികസിപ്പിച്ചത്. പ്രതിരോധ ഉത്പാദനത്തിലെ സുപ്രധാന നാഴികകല്ലാണിതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. 

ആക്രമണ ഹെലികോപ്ടറുടെ ആവശ്യം ദീർഘനാളായി നിലനിന്നിരുന്നു. 1999 കാർഗിൽ യുദ്ധകാലക്ക് അതിന്റെ ആവശ്യകത ഗൗരവമായി അനുഭവപ്പെട്ടിരുന്നു. രണ്ട് പതിറ്റാണ്ടായുള്ള ഗവേഷണത്തിന്റേയും വികസനത്തിന്റേയും ഫലമാണിത്. പ്രതിരോധ ഉത്പാദനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഐഎഎഫിലേക്കുള്ള പ്രചന്ദിന്റെ പ്രവേശനമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ലഘു യുദ്ധ ഹെലികോപ്ടർ വികസിപ്പിച്ചത്. ഉയരം കൂടി പ്രദേശങ്ങളിൽ വരെ വിന്യസിക്കാൻ കരുത്തുള്ളതാണ് ഈ ഹെലികോപ്ടർ. 5.8 ടൺ ഭാരമുള്ള ഇരട്ട എഞ്ചിനുള്ള ഹെലികോപ്ടർ വിവവിധ ഘട്ടങ്ങളിലുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. 

മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലുള്ള സുരക്ഷാ സമിതി  14 ലഘു യുദ്ധ ഹെലികോപ്ടറുകൾ വാങ്ങാൻ അംഗീകാരം നൽകിയത്. പത്തെണ്ണം വ്യോമസേനയ്ക്കും അഞ്ചെണ്ണം കരസേനയ്ക്കുമാണ് നൽകുന്നത്. രാത്രിയും ആക്രമണം നടത്താനുള്ള കഴിവിന് പുറമെ എല്ലാ കാലാവസ്ഥയിലും ഇവയ്ക്ക് പോരാടാനാകും.