കോട്ടയം: ബന്ധുവിൻ്റെ വീടിൻ്റെ തറയില്‍ കുഴിച്ചിട്ട യുവാവിൻ്റെ മൃതദേഹം പരിശോധനയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി എസി റോഡില്‍ പൂവത്തിന് സമീപത്തുള്ള വീടിൻ്റെ തറ തുരന്ന് പരിശോധിച്ചപ്പോഴാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്  മൃതദേഹം കുഴിച്ചിട്ടതായി സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് വീടിൻ്റെ തറ പൊളിച്ചു നോക്കിയപ്പോഴാണ് മൃതദേഹം കാണാൻ കഴിഞ്ഞത്. 

നാൽപ്പതുകാരനായ ബിന്ദുകുമാറിനെ ദിവസങ്ങൾക്ക് മുമ്പാണ് കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ അന്വേഷണം നടക്കുന്നതിനിടെ ഒരു തോട്ടിൽ നിന്ന് ഇയാളുടെ ബൈക്ക് കിട്ടിയതാണ് അന്വേഷണത്തിൽ തുമ്പുണ്ടാക്കിയത്. ബെെക്ക് കണ്ടെത്തിയതിനെ തുടർന്ന് ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റുകൾ കടന്നുവന്നതും. 

തോട്ടിൽ നിന്നും ബൈക്ക് കണ്ടെത്തിയതിന് തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ ബിന്ദു കുമാർ പൂവത്തിൽ എത്തിയെന്ന് മനസ്സിലായി. കൂടുതൽ അന്വേഷണത്തിൽ ഇയാളുടെ ബന്ധുവായ മുത്തുകുമാർ ഇവിടെയാണ് താമസിക്കുന്നതെന്നും വ്യക്തമായി. എന്നാൽ മുത്തുകുമാറിനെ ബന്ധപ്പെടുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഇയാൾ സ്ഥലത്തില്ല എന്ന മറുപടിയാണ് ലഭിച്ചത്. 

കൂടുതൽ പരിശോധനയിൽ ഇയാളുടെ വീട്ടിൽ പുതുതായി നിർമ്മിതി ചെയ്തതായി കണ്ടെത്തുകയായിരുന്നു. തറ കോൺക്രീറ്റ് ചെയ്തുവെന്നാണ് കണ്ടെത്തിയത്. ഇതോടെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട് മുകളിൽ കോൺക്രീറ്റ് ചെയ്തതാണോ എന്ന് സംശയം ഉയർന്നത്. മുത്തു കുമാറിനെ കാണാനില്ലാത്തതും ബിന്ദു കുമാറിനെ സംബന്ധിച്ച് പ്രസ്തുത സംശയം ഉയർന്നതും പോലീസിനെ കൂടുതൽ നടപടികളിലേക്ക് എത്തിക്കുകയായിരുന്നു. 

ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ (40) കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുന്നതിനിടെയാണ് കൊലപാതകമാണെന്ന സൂചന പൊലീസിന് ലഭിച്ചതും. മുത്തുകുമാറിൻ്റെ വീട്ടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ടതായി വ്യക്തമായതോടെ അയാളെ പിടികൂടാൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.  സംശയിക്കുന്നത്. ചങ്ങനാശ്ശേരി തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.