വാഷിങ്ടൻ ∙ യുഎസിൽ കഴിയുന്ന ഏഷ്യൻ രാജ്യക്കാർക്കും പസിഫിക് ദ്വീപുകളിൽനിന്നുള്ളവർക്കും എച്ച്1ബി വീസയ്ക്ക് അവിടെത്തെന്നെ അപേക്ഷിക്കാനായേക്കും. എച്ച്1ബി വീസ സംബന്ധിച്ച പരാതികൾ പഠിക്കാൻ യുഎസ് പ്രസിഡന്റ് നിയോഗിച്ച സമിതി ഇതിനുള്ള ശുപാർശ സമർപ്പിച്ചു. പ്രസിഡന്റ് ഇത് അംഗീകരിച്ചാൽ യുഎസിൽ തന്നെ എച്ച്1ബി വീസ സ്റ്റാംപ് ചെയ്യാനാകും. പ്രധാനമായും ഇന്ത്യക്കാരുൾപ്പെടെ ആയിരങ്ങൾക്ക് ആശ്വാസമാകുന്ന നടപടിയാണിത്.

സാങ്കേതിക വിദഗ്ധരെ ജോലിക്കെടുക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റത്തിനല്ലാത്ത വീസയാണ് എച്ച്1ബി. യുഎസിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾക്ക് അവിടെ ജോലി ലഭിക്കാൻ ഇത്തരം വീസ ഏറെ പ്രയോജനകരമാണ്. നിലവിൽ ഇതിന് ഓരോ അപേക്ഷകരും മാതൃരാജ്യത്തെ യുഎസ് കോൺസുലേറ്റുകളിലും എംബസികളിലുമാണ് അപേക്ഷിക്കേണ്ടത്. വീസ അഭിമുഖത്തിനുള്ള സമയം ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്.