യു.എൻ: യുക്രെയ്ൻ പ്രദേശങ്ങൾ റഷ്യ പിടിച്ചടക്കിയതിനെ അപലപിക്കുന്ന പ്രമേയത്തിൽ ഐക്യരാഷ്ട്ര സഭയിൽ (യു.എൻ) നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. യു.എൻ രക്ഷാസമിതിയിൽ അമേരിക്കയും അൽബേനിയയും അവതരിപ്പിച്ച കരട് പ്രമേയത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഇന്ത്യയെ കൂടാതെ ചൈനയും ബ്രസീലും ഗാബോണും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

യുക്രെയ്ന്‍റെ അംഗീകൃത അന്താരാഷ്ട്ര അതിർത്തികൾക്കുള്ളിൽ നിയമവിരുദ്ധ ജനഹിത പരിശോധന നടത്തിയതിനെ വിമർശിച്ച പ്രമേയം, റഷ്യ നടത്തുന്ന അക്രമം ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, റഷ്യ വീറ്റോ ചെയ്തതിനാൽ പ്രമേയം പരാജയപ്പെട്ടു.

അക്രമം ഉടനടി അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികൾ എല്ലാ ശ്രമങ്ങളും നടത്തണമെന്നും അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു മാർഗം സംഭാഷണമാണെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് വ്യക്തമാക്കി. സമാധാനത്തിലേക്കുള്ള പാതക്ക് നയതന്ത്രത്തിന്‍റെ എല്ലാ വഴികളും തുറന്നുവെക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് തുടക്കം മുതൽ വ്യക്തവും സ്ഥിരതയുള്ളതുമാണ്. ആഗോള ക്രമം, യു.എൻ ചാർട്ടറിന്‍റെ തത്വങ്ങൾ, അന്താരാഷ്ട്ര നിയമം, എല്ലാ രാഷ്ട്രങ്ങളുടെ പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് നിലപാടെന്നും ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി.

റഷ്യയുടെ ഭാഗമാക്കിയത്. ലുഹാന്‍സ്കിലും ഡോണെറ്റ്സ്കിലും നേരത്തേ റഷ്യന്‍ അനുകൂല ഭരണകൂടങ്ങളാണ്. ഫെബ്രുവരിയിലെ സൈനിക നടപടിയിലൂടെയാണ് ഖേഴ്സണും സപൊറീഷ്യയും റഷ്യ പിടിച്ചെടുത്തത്. കൂട്ടിച്ചേർക്കൽ അംഗീകരിക്കില്ലെന്ന് യുക്രെയ്നും യൂറോപ്യന്‍ യൂനിയനും നാറ്റോയും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ ഏകപക്ഷീയ നടപടിക്ക് മറുപടിയെന്നോണം യുക്രെയ്ൻ നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചു.

ഹിതപരിശോധനയിൽ 95 ശതമാനത്തിലധികം പേർ റഷ്യയോട് ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് മോസ്കോ വ്യക്തമാക്കുന്നത്. അതേസമയം, കൂട്ടിച്ചേർത്തതായി പ്രഖ്യാപിച്ച നാല് മേഖലയിലും റഷ്യക്ക് സമ്പൂർണ ആധിപത്യമില്ല. 90,000 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് റഷ്യ കൈയടക്കിയത്. ഇത് യുക്രെയ്നിന്റെ 15 ശതമാനം വരും. 2014ൽ ക്രീമിയ പ്രവിശ്യ റഷ്യയുടെ ഭാഗമാക്കിയിരുന്നു.