വാഷിങ്ടൺ ഡി.സി: റഷ്യയോട് കൂട്ടിച്ചേർത്ത യുക്രെയ്ൻ പ്രദേശങ്ങൾ ഓരോ ഇഞ്ചും തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ യു.എസും നാറ്റോയും ഒപ്പമുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. യുക്രെയ്ന്‍റെ 15 ശതമാനത്തോളം വരുന്ന മേഖലകൾ റഷ്യ രാജ്യത്തോട് കൂട്ടിച്ചേർത്തത് മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കിയ പശ്ചാത്തലത്തിലാണ് യു.എസ് പ്രസിഡന്‍റിന്‍റെ പ്രസ്താവന. റഷ്യയുടെ നടപടിക്ക് പിന്നാലെ നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള നടപടികൾ യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി വേഗത്തിലാക്കി.

‘അമേരിക്കയെയും സഖ്യകക്ഷികളെയും പുടിൻ തന്‍റെ ചിന്തയില്ലാത്ത വാക്കുകളും ഭീഷണിയും കൊണ്ട് ഭയപ്പെടുത്താൻ നോക്കേണ്ട. അയൽരാജ്യത്തിന്‍റെ ഭൂപ്രദേശം കൈക്കലാക്കി ഒഴിഞ്ഞുമാറിക്കഴിയാമെന്നും കരുതേണ്ട’ -ബൈഡൻ പറഞ്ഞു.

‘അമേരിക്കയും നാറ്റോ സഖ്യകക്ഷികളും പൂർണമായും തയാറെടുത്തു കഴിഞ്ഞു. ഓരോ ഇഞ്ച് ഭൂപ്രദേശവും സംരക്ഷിക്കും. ഞാൻ പറയുന്നതിനെ പുടിൻ തെറ്റിദ്ധരിക്കരുത്, ഓരോ ഇഞ്ചും എന്ന് തന്നെയാണ് പറയുന്നത്’ -ബൈഡൻ മാധ്യമപ്രവർത്തകരുടെ മുന്നിൽ പറഞ്ഞു.

യു​ക്രെ​യ്നി​ലെ ഡോ​ണെ​റ്റ്സ്ക്, ലു​ഹാ​ൻ​സ്ക്, ഖേ​ഴ്സ​ൻ, സ​പൊ​റീ​ഷ്യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തി റ​ഷ്യ​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്. ലു​ഹാ​ന്‍സ്കി​ലും ഡോ​ണെ​റ്റ്സ്കി​ലും നേ​ര​ത്തേ റ​ഷ്യ​ന്‍ അ​നു​കൂ​ല ഭ​ര​ണ​കൂ​ട​ങ്ങ​ളാ​ണ്. ഫെ​ബ്രു​വ​രി​യി​ലെ സൈ​നി​ക ന​ട​പ​ടി​യി​ലൂ​ടെ​യാ​ണ് ഖേ​ഴ്സ​ണും സ​പൊ​റീ​ഷ്യ​യും റ​ഷ്യ പി​ടി​ച്ചെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച ക്രെം​ലി​നി​ലെ ജോ​ർ​ജി​യ​ൻ ഹാ​ളി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ ഇത് സംബന്ധിച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി. സോവിയറ്റ് യൂനിയൻ പുനരുജ്ജീവിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന് പുടിൻ പറഞ്ഞു. പിടിച്ചെടുത്ത പ്രദേശങ്ങൾ എല്ലാ അർഥത്തിലും സംരക്ഷിക്കുമെന്നും ഇവിടുത്തെ താമസക്കാർ എക്കാലവും റഷ്യൻ പൗരന്മാരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹി​ത​പ​രി​ശോ​ധ​ന​യി​ൽ 95 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ റ​ഷ്യ​യോ​ട് ചേ​രാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് മോ​സ്കോ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കൂ​ട്ടി​ച്ചേ​ർ​ത്ത​താ​യി പ്ര​ഖ്യാ​പി​ച്ച നാ​ല് മേ​ഖ​ല​യി​ലും റ​ഷ്യ​ക്ക് സ​മ്പൂ​ർ​ണ ആ​ധി​പ​ത്യ​മി​ല്ല. 90,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ് റ​ഷ്യ കൈ​യ​ട​ക്കി​യ​ത്. ഇ​ത് യു​ക്രെ​യ്നി​ന്റെ 15 ശ​ത​മാ​നം വ​രും. 2014ൽ യുക്രെയ്ന്‍റെ ഭാഗമായിരുന്ന ​ക്രീ​മി​യ പ്ര​വി​ശ്യ റ​ഷ്യ​യു​ടെ ഭാ​ഗ​മാ​ക്കി​യി​രു​ന്നു. തന്ത്രപ്രധാനമായ ക്രീമിയയിലേക്ക് കരമാർഗം ഇടനാഴി സ്ഥാപിക്കാന്‍ പുതിയ നാല് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ റഷ്യക്ക് സാധിക്കും.

കൂട്ടിച്ചേർക്കൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് യു​ക്രെ​യ്നും യൂ​റോ​പ്യ​ന്‍ യൂ​നി​യ​നും നാ​റ്റോ​യും വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്​. റഷ്യയുടെ ഏകപക്ഷീയ നടപടിക്ക് മറുപടിയെന്നോണം യുക്രെയ്ൻ നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചിരിക്കുകയാണ്.