പാലക്കാട്/ ഇടുക്കി: പ്രകൃതിക്ക് ഇണങ്ങാത്ത വീടുകള്‍ നിര്‍മിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി വീട് നിര്‍മിച്ചുനല്‍കുന്നതില്‍ നിന്ന് എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസിനെ സംസ്ഥാന സര്‍ക്കാര്‍ വിലക്കി.

ഒറ്റപ്പാലം സബ് കളക്ടറാണ് നിര്‍മാണ വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നാലെ അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കി.

പ്രീഫാബ് മെറ്റീരിയല്‍ ഉപയോഗിച്ചുള്ള വീട് നിര്‍മാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നാണ് ഉത്തരവിലെ വിശദീകരണം. വീട് നിര്‍മാണം നിര്‍ത്തിയതായി രണ്ടുദിവസത്തിനകം രേഖമൂലം അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

എച്ച്ആര്‍ഡിഎസ് നടത്തുന്ന വീട് നിര്‍മാണം പരിശോധിക്കാന്‍ പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെ എച്ച്ആര്‍ഡിഎസിന്‍റെ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന. തൊടുപുഴ, പാലക്കാട് ഓഫീസുകളിലാണ് പരിശോധന നടത്തിയത്.

തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പദ്ധതി ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

വിജിലന്‍സ് പരിശോധന സ്വാഗതം ചെയ്യുന്നുവെന്നും ഇതിന് പിന്നില്‍ മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിന്‍റെ പ്രതികാര നടപടിയാണെന്നും പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ പ്രതികരിച്ചു.