ന്യൂഡല്‍ഹി: അമിതമായ അക്രമം ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. തെറ്റായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ആർഎസ്എസുമായി ബന്ധപ്പെട്ട സംഘടനയായ വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായതരം ഭക്ഷണം കഴിച്ചാൽ അത് തെറ്റായ വഴിയിലേക്ക് നയിക്കുമെന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്. ‘തമസിക്’ ഭക്ഷണം കഴിക്കരുത്, അമിതമായ അക്രമം ഉൾപ്പെടുന്ന ഭക്ഷണം കഴിക്കരുത്.  നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളെയാണ് തമസിക് ഭക്ഷണം എന്ന് പറയുന്നത്.

ശ്രാവണ മാസം മാംസാഹാരം ഒഴിവാക്കുന്നവരുണ്ട്. തിങ്കൾ, ചൊവ്വ, വ്യാഴം അല്ലെങ്കിൽ ശനി ദിവസങ്ങളിൽ അവർ അത് കഴിക്കില്ല. അവർ ചില നിയമങ്ങൾ സ്വയം അടിച്ചേൽപ്പിക്കാറുണ്ടെന്നും ഭഗവത് പറഞ്ഞു. 

രാജ്യം മുഴുവൻ നവരാത്രി ആഘോഷിക്കുന്ന വേളയിലാണ് മോഹൻ ഭാഗവതിന്റെ പരാമർശം. നവരാത്രി സമയത്ത്, നോൺ-വെജ് ഭക്ഷണത്തിൽ നിന്നുള്ള പൂർണ്ണമായ ഒറ്റപ്പെടലും ഉപവാസവും പിന്തുടരാറുണ്ട്.  ‘ആധ്യാത്മികതയാണ് ഇന്ത്യയുടെ ആത്മാവ്’ എന്നും മോഹൻ ഭാഗവത് പറഞ്ഞു.

ശ്രീലങ്കയെയും മാലിദ്വീപിനെയും അവർ ദുരിതത്തിലായപ്പോൾ സഹായിച്ചത് ഇന്ത്യ മാത്രമാണ്. മറ്റ് രാജ്യങ്ങൾ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിൽ താൽപ്പര്യം കാണിക്കുകയാണുണ്ടായത്. ‘അഹങ്കാരമില്ലാതെ ജീവിക്കുക’ എന്നത് ഇന്ത്യയുടെ ആത്മാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.