ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലാം തവണയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയര്‍ത്തി 5.9 ശതമാനമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത് നാലാം തവണയാണ് ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുന്നത്. ആഗസ്റ്റിലെ ഓഫ് സൈക്കിള്‍ മോണിറ്ററി പോളിസി അവലോകനത്തില്‍, ആര്‍ബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റുകള്‍ (ബിഎസ്പി) വര്‍ദ്ധിപ്പിച്ച് 5.4 ശതമാനമാക്കിയിരുന്നു. നേരത്തെ മെയ് മാസത്തില്‍ ആര്‍ബിഐ പോളിസി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് അഥവാ 0.40 ശതമാനം മുതല്‍ 4.40 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ജൂണില്‍ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.90 ശതമാനമായി ആര്‍ബിഐ ഉയര്‍ത്തി.

നിരക്ക് വര്‍ദ്ധനവോടെ സാധാരണക്കാരന് വായ്പാ ഭാരം കൂടും. വായ്പ തിരിച്ചടവിന് ചെലവേറും. റിപ്പോ നിരക്കിന് അനുസരിച്ച് ബാങ്കുകളും പലിശ നിരക്ക് ഉയര്‍ത്തും. അതേസമയം, നിക്ഷേപകര്‍ക്ക് സാധ്യത നല്‍കുന്നതാണ് ആര്‍ബിഐയുടെ പുതിയ പ്രഖ്യാപനം.