സെമി ഹൈസ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഗാന്ധി നഗർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു ചടങ്ങ്. രാവിലെ 10.25ഓടെ ഗാന്ധിനഗർ ക്യാപിറ്റൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് മോദി ഉദ്ഘാടനം. ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദിലെ കലുപൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി ട്രെയിനിൽ യാത്ര ചെയ്യുകയും ചെയ്തു. 

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഓടുമെന്ന് റെയിൽവേ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഈ ട്രെയിൻ മുംബൈ സെൻട്രലിനും ഗാന്ധിനഗറിനും ഇടയിൽ സർവീസ് നടത്തും. 2023 ഓഗസ്റ്റിൽ 75 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. ഗുജറാത്തിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. 12,925 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടം കലുപൂർ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ശേഷം അംബാജി ടൗണിലെത്തി 7200 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. അവിടുത്തെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം അദ്ദേഹം  പ്രശസ്തമായ അംബാജി ക്ഷേത്രത്തിൽ ആരതി നടത്തും. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ഈ മാസം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്.