തിരുവനന്തപുരം: പൂച്ച കടിച്ച് ചികിത്സയ്ക്ക് എത്തിയ യുവതിയെ ആശുപത്രിക്കുള്ളിൽ വച്ച് പട്ടി കടിച്ചു. തിരുവനന്തപുരം വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വച്ചാണ് സംഭവം. രണ്ടാഴ്ച മുൻപ് പൂച്ച കടിച്ചതിനെ തുടർന്ന് വാക്സിൻ എടുക്കാൻ എത്തിയ യുവതിയെയാണ് ആശുപത്രിക്കുള്ളിൽ കിടക്കുകയായിരുന്ന പട്ടി ആക്രമിച്ചത്. കാലിൽ കടിയേറ്റ യുവതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

വിഴിഞ്ഞം സ്വദേശി അപർണ എന്ന മുപ്പതുകാരിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നായയുടെ ആക്രമണത്തിന് ഇരയായത്. രണ്ടാഴ്ച മുൻപ് അപർണയെ പൂച്ച കടിച്ചിരുന്നു. അതിൻ്റെ ആദ്യ ഡോക്സ് വാക്സിൻ എടുത്തു. രണ്ടാം ഡോസ് വാക്സിൻ എടുക്കുവാൻ ആശുപത്രിയിൽ എത്തിയ സമയത്താണ് ആശുപത്രിക്കുള്ളിൽ കിടക്കുകയായിരുന്നു നായ അപർണയെ ആക്രമിച്ചത്. കാലിൽ കടിയേറ്റ അപർണയെ ബന്ധുക്കൾ എത്തി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

നിരുത്തരവാദപരമായ സമീപനമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അപർണ പറയുന്നു. നായ കാലങ്ങളായി ഇവിടെ കഴിയുന്നതാണെന്നും ഞങ്ങൾ ഓടിച്ചിട്ട് അത് പോകുന്നില്ലെന്നുമാണ് ആശുപത്രി ജീവനക്കാർ പറഞ്ഞത്. നായ ആശുപത്രിക്കുള്ളിൽ വച്ച് ചികിത്സ തേടിയെത്തിയ രോഗിയെ കടിച്ച സംവത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നുള്ള നിലപാടാണ് ആശുപത്രി അധികൃതർ കെെക്കൊണ്ടതെന്നാണ് ആരോപണം. നായകടിയേറ്റതിനു പിന്നാലെ നൽകുന്ന കുത്തിവയ്പ്പിനുള്ള മരുന്ന് പോലും അവിടെ ഇല്ലാത്ത അവസ്ഥയാണെന്നും അപർണ്ണ പറഞ്ഞു. തുടർന്നാണ് തുടർ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചത്. കടിയേറ്റ സ്ഥലത്ത് രൂപപ്പെട്ട മുറിവിൽനിന്നും ഇപ്പോഴും രക്തം വന്നുകൊണ്ടിരിക്കുകയാണെന്നും അപർണ്ണ പറഞ്ഞു.