ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആളുകള്‍ പാര്‍ട്ടി വിടുന്നതില്‍ പ്രതികരണവുമായി ശശി തരൂര്‍. നല്ലവരായ ആളുകള്‍ പാര്‍ട്ടി വിടുന്നത് തടയേണ്ടത് ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ യോഗ്യനാണോ എന്ന് പാര്‍ട്ടിയിലുളളവര്‍ തന്നെ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന രീതിയില്‍ യാതൊരു നിക്ഷിപ്ത താല്‍പ്പര്യവുമില്ലാതെയാണ് താന്‍ വരുന്നതെന്നും നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന രീതി മാറ്റി അധികാരം വികേന്ദ്രീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഇന്ത്യാ ടുഡേയുടെ രാജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. എന്തുകൊണ്ടാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ‘രാജ്യത്തിന് കോണ്‍ഗ്രസ് ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ബിസിനസ്സ് നമ്മെ എവിടേക്കും കൊണ്ടുപോകാന്‍ പോകുന്നില്ല. എന്നാണ് മറുപടി പറഞ്ഞത്. 

20 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കൊപ്പം തരൂരും മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. രാജസ്ഥാനിലെ പ്രതിസന്ധികളെ തുടര്‍ന്ന് അശോക് ഗെഹ്ലോട്ടും ദിഗ്വിജയ സിംഗും കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ തികച്ചും വ്യത്യസ്തമായ രണ്ട് കാരണങ്ങളാല്‍ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.