ന്യൂഡൽഹി: കോണ്‍ഗ്രസ് ഇന്ന് പ്രതിസന്ധിയിലാണെന്ന് ഡല്‍ഹിയിലെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാര്‍ട്ടിയുടെ രാജസ്ഥാന്‍ ഘടകത്തില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സോണിയ ഗാന്ധി അദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു. ഇന്ന് ഇരുവരും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോ അതോ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള മത്സരത്തിന് നാമനിർദ്ദേശം നൽകുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

”സോണിയാ ഗാന്ധിയെ കണ്ട ശേഷം മാത്രമേ എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ. നമ്മുടെ ഹൃദയത്തില്‍ നാം ബഹുമാനിക്കുന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭാവിയിലും സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി തുടരും, ”-ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിന് ശേഷം ഇതാദ്യമായാണ് ഗെലോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. 

അച്ചടക്കം കോണ്‍ഗ്രസില്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നു. പാര്‍ട്ടി ഇന്ന് പ്രതിസന്ധിയിലാണ്. ഇത് പരിഹരിക്കും. ഈ സംഭവത്തെ കുറിച്ച് മാധ്യമങ്ങള്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. എന്നാല്‍ രാജ്യം ഏത് ദിശയിലാണ് പോകുന്നത് എന്നതിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും ആശങ്കയുണ്ട്. ഈ ആശങ്കയോടെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നതെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസം പ്രതിസന്ധി പഠിക്കാന്‍ രാജസ്ഥാനിലേക്ക് അയച്ച നിരീക്ഷക സംഘം അശോക് ഗെലോട്ടിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 82 എം.എല്‍.എമാരുടെ രാജിക്ക് പിന്നില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നായിരുന്നു നിരീക്ഷകര്‍ സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് ഗെലോട്ടുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് വഴിതുറന്നത്. 

2020ല്‍ സച്ചിന്‍ പൈലറ്റിന്റെയും അദ്ദേഹത്തിന്റെ വിശ്വസ്തരുടെയും തുറന്ന കലാപം സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ചപ്പോള്‍ സര്‍ക്കാരിനൊപ്പം നിന്ന ഒരാളായിരിക്കണം മുഖ്യമന്ത്രിയെന്നാണ് രാജിവെച്ച എംഎല്‍എമാരുടെ ആവശ്യം. ഇതിനിടെ പുതിയ പ്രതിസന്ധി കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഗെലോട്ട് മത്സരിക്കില്ലെന്നും വിവരമുണ്ട്.