അലിഗഢ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വീട്ടില്‍ ദുര്‍ഗാദേവിയുടെ വിഗ്രഹം സ്ഥാപിച്ചതിന് മുസ്ലീമായ ബിജെപി നേതാവിന് വധഭീഷണി. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശി റൂബി ആസിഫ് ഖാനും കുടുംബത്തിനുമാണ് വധഭീഷണി. നേതാവിനെതിരെ പോസ്റ്ററുകളും  പതിച്ചിട്ടുണ്ട്. ഇസ്ലം മതത്തെ അനുസരിക്കാതെ ഹിന്ദു ദൈവങ്ങളെ ആരാധിക്കുകയും, വന്ദേമാതരം ആലപിക്കുകയും ചെയ്ത നേതാവിനെയും കുടുംബത്തെയും പുറത്താക്കണമെന്നും ജീവനോടെ ചുട്ടുകൊല്ലണമെന്നും പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്യുന്നു.

സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും റൂബി കത്തെഴുതിയിരുന്നു. സംഭവത്തില്‍ പോലീസിലും പരാതി നല്‍കി. എന്നാല്‍, ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

‘രാവിലെ ആരോ ഡോര്‍ബെല്‍ അടിച്ചു, പുറത്തിറങ്ങിയപ്പോള്‍ ഞങ്ങളുടെ സമീപത്തെ മിക്ക ചുവരുകളിലും പോസ്റ്ററുകള്‍ കണ്ടു. ചില പോസ്റ്ററുകള്‍ നീക്കം ചെയ്തു. തുടര്‍ന്ന് പൊലീസിലും പാര്‍ട്ടിയിലും വിവരം അറിയിച്ചു’, റൂബി പറഞ്ഞു. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിക്കാനാണ് തന്റെ ഭാര്യ ആഗ്രഹിക്കുന്നതെന്ന് റൂബിയുടെ ഭര്‍ത്താവ് ആസിഫ് ഖാന്‍ പറഞ്ഞു. ആളുകള്‍ നമ്മുടെ ഉദ്ദേശ്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല, എല്ലാ വിധത്തിലും ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. നാലഞ്ച് ദിവസം മുമ്പ് വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കി മോശം ഭാഷ ഉപയോഗിച്ചിരുന്നു. ഞങ്ങള്‍ പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെക്കാലമായി ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്ന റൂബി ആസിഫ് ഖാന്‍ മുമ്പും ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. നറോറ ഘട്ടില്‍ ജാഗ്രതയോടെ ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യാന്‍ തന്റെ വസതിയില്‍ ഗണേശ വിഗ്രഹം സ്ഥാപിച്ചതിന് റൂബിക്കെതിരെ വധഭീഷണിയും ഫത്വയും മുഴക്കിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് വീട്ടില്‍ ഒരു രാം ദര്‍ബാര്‍ സംഘടിപ്പിച്ചതിനും റൂബി ആക്രമിക്കപ്പെട്ടു.

റൂബിക്ക് പിന്തുണയുമായി ഹിന്ദു മഹാസഭയും രംഗത്തെത്തി. ”സനാതന ധര്‍മ്മത്തില്‍ വിശ്വാസം പ്രകടിപ്പിച്ചതിന് റൂബിയോട് ഞാന്‍ നന്ദി പറയുന്നു. ദൈവം അവളെ സംരക്ഷിക്കുമെന്നതിനാല്‍ പരിഭ്രാന്തരാകാതെ ഉറച്ചുനില്‍ക്കണം’, ദേശീയ സെക്രട്ടറി മഹാമണ്ഡലേശ്വര് അന്നപൂര്‍ണ ഭാരതി പറഞ്ഞു