കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര അടുത്ത ദിവസം പ്രവേശിക്കാനിരിക്കെ കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്ത് സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിച്ചു. ചാമരാജനഗര്‍ ജില്ലയിലൂടെ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിക്കാനിരിക്കെ, ഗുണ്ട്‌ലുപേട്ട് പ്രദേശത്ത് സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചിരിക്കുന്നത്.യാത്രയെ സ്വാഗതം ചെയ്തുകൊണ്ട് സ്ഥാപിച്ച 40ലധികം പോസ്റ്ററുകള്‍ നശിപ്പിച്ചിട്ടുണ്ട്.

ഗുണ്ട്ലുപേട്ട് ഹൈവേയില്‍ സ്ഥാപിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും പോസ്റ്ററുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കീറിയതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോള്‍ 22-ാം ദിവസത്തിലാണ്. 

കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ പോരാടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭാരത് ജോഡോ യാത്ര നിര്‍ണായകമാകും.’ദേശീയമായും കര്‍ണാടകയിലും തങ്ങളുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് ഈ യാത്ര. അവര്‍ ബിജെപിയുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. ഇത് കര്‍ണാടക കോണ്‍ഗ്രസിന് കൂടുതല്‍ നിര്‍ണായകമാണ്. ഈ യാത്ര സംസ്ഥാനത്തിന് അത്യന്താപേക്ഷിതമാണ്, കാരണം ഇത് ശക്തമായ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പ്രശസ്തി ഉറപ്പിക്കാന്‍ സഹായിക്കും’ എന്ന് രാഷ്ട്രീയ നിരീക്ഷകന്‍ സന്ദീപ് ശാസ്ത്രി പറഞ്ഞു.