സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ചോറും ഉപ്പും മാത്രം, യുപിയില്‍ സ്‌കൂള്‍ 
പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍.  ഉത്തര്‍പ്രദേശിലെ അയോധ്യയിലെ പ്രൈമറി സ്‌കൂളിലെ ഉച്ചഭക്ഷണ വീഡിയോ വൈറലായതിന് പിന്നാലെ ജില്ലാ മജിസ്ട്രേറ്റാണ് പ്രിന്‍സപ്പിലിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്ക് നോട്ടീസും അയച്ചിട്ടുണ്ട്. 

വൈറലായ വീഡിയോയില്‍, ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ വേവിച്ച ചോറും ഉപ്പും മാത്രമായി കഴിക്കുന്നത് കാണാം. വീഡിയോഗ്രാഫര്‍ അന്നത്തെ മെനു കാണിക്കുകയും അതിനെ യാഥാര്‍ത്ഥ്യവുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ട അയോധ്യ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍, അയോധ്യയിലെ ചൗരേബസാര്‍ ഏരിയയിലുള്ള ദിഹ്വ പാണ്ഡെയുടെ പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഏക്താ യാദവിനെ സസ്പെന്‍ഡ് ചെയ്യുകയും വില്ലേജ് ഓഫീസര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

സ്‌കൂള്‍ ഗ്രാമത്തിനടുത്തായതിനാല്‍ തന്നെ നിരവധി വിദ്യാര്‍ത്ഥികള്‍ ഭക്ഷണം വാങ്ങി ഉച്ചഭക്ഷണ ഇടവേളയില്‍ വീട്ടിലേക്ക് പോകുകയാണ് ചെയ്യുന്നത്. അതിനാല്‍ ചില മാതാപിതാക്കള്‍ ഈ അവസ്ഥ അറിഞ്ഞു സ്‌കൂളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിന്റെ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കാനും സമയാസമയങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്താനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വീഡിയോ പരിശോധിച്ച ശേഷം അന്വേഷണത്തിന് ഉത്തരവിട്ടതായി അയോധ്യ ഡിഎം നിതീഷ് കുമാര്‍ പറഞ്ഞു. പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യുകയും ഓഫീസര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്യും. അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.