തൃശൂര്‍: കുന്നംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനു 50വര്‍ഷം കഠിന തടവ്. പോര്‍ക്കുളം പന്തായില്‍ വീട്ടില്‍ സായൂജിനാണ് ശിക്ഷ. പ്രതി 60,000 രൂപ പിഴയും അടയ്ക്കണമെന്ന് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി വിധിച്ചു. 2018ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം 

വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മറ്റാരും വിവരമറിയരുതെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തി. ഇതോടെ പീഡന വിവരം പുറത്തറിയുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ സായൂജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.