തെലങ്കാനയില്‍ 103 സ്വകാര്യ ആശുപത്രികള്‍ അടച്ചുപൂട്ടി. 633 ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കുകയും 75 ആശുപത്രികള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ പരിശോധനകളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് ആകെ 2058 സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തി.

സംസ്ഥാനത്തെ ചില ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍, കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, പോളി ക്ലിനിക്കുകള്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്‍, ഫിസിയോതെറാപ്പി യൂണിറ്റുകള്‍, ഡെന്റല്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവ രോഗ്യ വകുപ്പിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് പൊതുജനാരോഗ്യ കുടുംബക്ഷേമ ഡയറക്ടര്‍ ഓഫീസ് അറിയിച്ചു. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ യോഗ്യതയില്ലാത്ത ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് ജീവനക്കാരും ജോലി ചെയ്യുന്നതായി നിരീക്ഷിച്ചു. കൂടാതെ, ചില ക്ലിനിക്കല്‍ സ്ഥാപനങ്ങളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ അവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളോ ബയോ-മെഡിക്കല്‍ മാലിന്യ സംസ്‌കരണമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായും കണ്ടു.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്  എല്ലാ ജില്ലാ മെഡിക്കല്‍, ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കും പരിശോധനകള്‍ നടത്താനും പ്രോഗ്രാം ഓഫീസര്‍മാര്‍, ഡിഎം, എച്ച് ഒ എസ് എന്നിവരുമായി
 ടീമുകള്‍ രൂപീകരിക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാത്ത ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് എല്ലാ ഡിഎം, എച്ച്ഒമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.