കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് മാറ്റണമെന്നാണ് ആവശ്യം. പ്രതിയായ ദിലീപിന് വിചാരണക്കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്നും ഇത് സ്ഥിരീകരിക്കുന്ന തെളിവ് പൊലീസിന്റെ പക്കലുണ്ടെന്നും അപ്പീലില്‍ ആരോപിക്കുന്നു. ഇവരുടെ ബന്ധം തെളിയിക്കുന്ന ശബ്ദരേഖയുണ്ടെന്നാണ് നടി ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 

ജഡ്ജി വിചാരണ സമയത്ത് മുന്‍വിധിയോടെയാണ് ഇടപെടുന്നതെന്നും അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ പ്രതിഭാഗം ഉയര്‍ത്തുമ്പോള്‍ പ്രതികരിക്കാറില്ലെന്നും നടി ആരോപിക്കുന്നു. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കോടതി അന്വേഷണം തടഞ്ഞു. ഈ സ്ഥിതി തുടരുന്നത് വിചാരണയുടെ ശരിയായ ഫലം ലഭിക്കുന്നതിനെ ബാധിക്കുമെന്നും അപ്പീലില്‍ പറയുന്നു. ജഡ്ജിയായ ഹണി എം വര്‍ഗീസിന്റെ ഭര്‍ത്താവും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും നടി ഉയര്‍ത്തിയിട്ടുണ്ട്. 

നേരത്തെ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന നടിയുടെ പരാതി ഹൈക്കോടതി തള്ളിയിരുന്നു.  സെഷന്‍സ്‌കോടതി ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക് നീതി ലഭിക്കില്ലെന്ന് അതിജീവിത കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ആണ് ഹര്‍ജി തള്ളിയത്.