തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് ആറ്റ്പ്ര മണ്ഡലം പ്രസിഡന്റ് ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കെതിരെ ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനാല്‍ ജിതിന് ജാമ്യം നല്‍കരുതെന്നുമുളള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന്റെ പരിധിയിലുള്ളവരെ സ്വാധീനിക്കാന്‍ പ്രതി ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു.

നാലുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിട്ടും നിര്‍ണായകമായ ഒരു തെളിവും കണ്ടെത്താനായില്ലെന്നായിരുന്നെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജിതിന്റെ അഭിഭാഷകന്റെ വാദം.

എകെജി സെന്ററില്‍ സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.സംഭവത്തില്‍ ജിതിന്റെ പേര് പ്രാരംഭഘട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും തെളിവുകള്‍ ശേഖരിക്കുന്ന ശ്രമങ്ങളിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. 

ആക്രമി ഉപയോഗിച്ച സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ചിന് കണ്ടെത്താനായിട്ടില്ല. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി ഗൗരീശപട്ടത്ത് എത്തിയ ശേഷം സ്‌കൂട്ടര്‍ മറ്റൊരാള്‍ക്ക് നല്‍കിയ ശേഷം കാറില്‍ പോകുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. സ്‌കൂട്ടര്‍ കൈമാറിയത് ആര്‍ക്കാണ് എന്നകാര്യം തുടര്‍ ചോദ്യം ചെയ്യലില്‍ ജിതിന്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.