ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസ് നടത്താനിരുന്ന റാലികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. നിയന്ത്രണങ്ങളോടെ ആര്‍എസ്എസ് റാലികള്‍ അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് നാളെ പരിഗണിക്കും. 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) കേന്ദ്രം നിരോധിച്ചത് പലയിടത്തും മുസ്ലീം സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇടയാക്കി. ക്രമസമാധാനം ഉറപ്പാക്കാന്‍ അധിക നിരീക്ഷണത്തിന് ചുമതലപ്പെടുത്തുന്നത് പോലീസിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ ആര്‍എസ്എസ് ഉള്‍പ്പെടെ ഒരു സംഘടനയ്ക്ക് റാലികളോ യോഗങ്ങളോ നടത്താന്‍ അനുമതിയില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒക്ടോബര്‍ രണ്ടിന് വിടുതലൈ ചിരുതൈകള്‍ പാര്‍ട്ടി (വിസികെ), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), നാം തമിഴര്‍ പാര്‍ട്ടി എന്നീ സംഘടനകള്‍ ആര്‍എസ്എസിനെതിരെ പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്നു.

നേരത്തെ റാലിക്ക് അനുമതി നല്‍കിയ ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് തമിഴ്നാട്ടിലെ സാമൂഹിക പ്രവര്‍ത്തകന്‍ തിരുമുരുഗന്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഹൈക്കോടതി ആര്‍എസ്എസിന് അനുമതി നല്‍കിയത് തികച്ചും നിര്‍ഭാഗ്യകരമാണ്. ആര്‍എസ്എസിനെ രണ്ടുതവണ നിരോധിച്ചതാണ്. രാഷ്ട്രപിതാവിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്നും അവര്‍ ഭിന്നിപ്പിക്കുന്ന ഒരു ഫാസിസ്റ്റ് ഭീകര സംഘടനയാണെന്നും അദ്ദേഹം ആരോപിച്ചു.