സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് (യുഎസ്): അതിശക്തമായ കാറ്റും പേമാരിയുമായി ‘അയന്‍’ ചുഴലിക്കാറ്റ് ഫ്‌ലോറിഡയുടെ ഗള്‍ഫ് കോസ്റ്റില്‍ ആഞ്ഞടിച്ചു. അടുത്തകാലത്ത് യുഎസ് കണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. കാറ്റുവേഗത്തില്‍ അതിശക്തമായ നാലാം വിഭാഗത്തിലായിരുന്നു ‘ഇയനെ’ വര്‍ഗീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 241 കി.മീ വേഗത്തിലാണ് കാറ്റു വീശിയത്. ഫ്‌ലോറിഡയില്‍ കരയില്‍ത്തൊട്ട ഇയന്റെ വേഗത മുന്നോട്ടുപോകുന്തോറും കുറഞ്ഞു. നിലവില്‍ മധ്യ ഫ്‌ലോറിഡയില്‍ക്കൂടി വീശുന്ന കാറ്റിനെ ഒന്നാം വിഭാഗത്തിലാണ് ഇപ്പോള്‍ പെടുത്തിയിരിക്കുന്നത്.

വന്‍ നാശനഷ്ടമാണ് ഇയന്‍ വരുത്തിവച്ചിരിക്കുന്നത്. ചില മേഖലകളില്‍ പ്രളയജലം വീടിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ വരെ എത്തിയതായി പ്രദേശത്തുനിന്നുള്ള വിഡിയോകളില്‍നിന്നു വ്യക്തമാകുന്നുണ്ട്. ചുഴലിക്കാറ്റ് അകത്തേക്ക് കടക്കുന്തോറും കുറഞ്ഞത് 60 സെ.മീ മഴ വരെ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും അനുബന്ധമായി ഇപ്പോഴും മഴ പെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഫ്‌ലാഷ് ഫ്‌ലഡ്‌സിന് (പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം) സാധ്യതയുണ്ട്.

പ്രാദേശിക സമയം ബുധന്‍ ഉച്ചകഴിഞ്ഞ് 3.05നാണ് ഫ്‌ലോറിഡയിലെ ഫോര്‍ട്ട് മേയേഴ്‌സിന് പടിഞ്ഞാറുള്ള കയോ കോസ്റ്റ എന്ന ദ്വീപിനു സമീപമാണ് ഇയന്‍ കരയില്‍ത്തൊട്ടത്. പിന്നീട് ഫ്‌ലോറിഡയുടെ വന്‍കരയിലേക്ക് ചുഴലിക്കാറ്റ് നീങ്ങി. അപ്പോള്‍ 145 കി.മീ ആണ് കാറ്റിന്റെ വേഗത. ചില മേഖലകളില്‍ 12 അടിക്കുമുകളില്‍ കടല്‍വെള്ളം കയറിയിരുന്നു.

പോര്‍ട്ട് ഷാര്‍ലെറ്റിലെ ഒരു ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മേല്‍ക്കൂര കാറ്റ് കൊണ്ടുപോയി. 160 രോഗികള്‍ ഇവിടെ ഉണ്ടായിരുന്ന സമയത്തായിരുന്നു കാറ്റ് വീശിയത്. കാറ്റിനൊപ്പം മഴയുമെത്തിയതോടെ ഐസിയുവില്‍ വെള്ളം നിറഞ്ഞു. മറ്റു നിലകളിലേക്കും ഈ വെള്ളം പടര്‍ന്നു. രോഗികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയാണ്. നിലവില്‍ രണ്ടുപേര്‍ക്കുള്ള മുറിയില്‍ നാലു പേരെ വരെയാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ഫ്‌ലോറിഡയില്‍ അങ്ങോളമിങ്ങോളം വൈദ്യുതി മുടങ്ങി. 20 ലക്ഷത്തിലധികംപേര്‍ വൈദ്യുതി ഇല്ലാതിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ട്ട് മെയേഴ്‌സില്‍ 96% പേര്‍ക്കും വൈദ്യുതിയില്ലെന്ന് നഗരത്തിന്റെ മേയര്‍ അറിയിച്ചു. ജാക്‌സണ്‍വില്ലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വ്യാഴാഴ്ചത്തെ എല്ലാ സര്‍വീസുകളും റദ്ദാക്കി. ഓര്‍ലാന്‍ഡോ, റ്റാംപ തുടങ്ങിയ രാജ്യാന്തര വിമാനത്താവളങ്ങളിലെ പല സര്‍വീസുകളും റദ്ദാക്കിയിരുന്നു.

ചുഴലിക്കാറ്റിനെത്തുടര്‍ന്നു ഫ്‌ലോറിഡയില്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ മൂന്നു ലക്ഷത്തോളം പേര്‍ക്കു വൈദ്യുതി മുടങ്ങി. രണ്ടായിരത്തിലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി. റ്റാംപ മേഖലയിലുള്‍പ്പെടെ ആളുകളെ ഒഴിപ്പിച്ചു. ക്യൂബയില്‍ നാശം വിതച്ച ശേഷമാണു ചുഴലിക്കാറ്റ് യുഎസ് തീരമടുത്തത്.