അയാന്‍ ചുഴലിക്കാറ്റ് കരുത്താര്‍ജിക്കുന്നതായി മുന്നറിയിപ്പ്. കാറ്റഗറി 2 ല്‍ നിന്നും കാറ്റഗറി നാലിലേക്ക് ചുഴലിക്കാറ്റിന്റെ സ്വഭാവം മാറിയെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളോറിഡയെ സമീപിക്കുമ്പോള്‍ കാറ്റിന്റെ വേഗം അതിശക്തമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ഫ്‌ളോറിഡയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന അയാന്‍ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 220 കിലോമീറ്ററായിരിക്കുമെന്നാണ് പ്രവചനം.

ഫ്‌ളോറിഡ സംസ്ഥാനത്തിന്റെ ജനസാന്ദ്രതയുള്ള തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ അതിശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. നേപ്പിള്‍സ് മുതല്‍ സറസോറ്റ വരെയുള്ള മേഖലയിലാണ് അതീവ ജാഗ്രതയ്ക്ക് മുന്നറിയിപ്പുള്ളത്.

ക്യൂബയില്‍ വലിയനാശം വിതച്ച അയാന്‍ ചുഴലിക്കാറ്റ്, ഈ ദ്വീപ് രാജ്യത്തെ വൈദ്യുതി വിതരണം താറുമാറാക്കി. അതോടെ രാജ്യം ഇരുട്ടിലാണെന്ന് അമേരിക്കന്‍ വ്യോമസേന വ്യക്തമാക്കി. ഫ്‌ളോറിഡയുടെ തീരപ്രദേശങ്ങളില്‍ ഇനിയും ആളുകളുണ്ടെങ്കില്‍ അവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദേശീയ ചുഴലിക്കാറ്റ് സെന്റര്‍ അറിയിച്ചു. കാറ്റിന്റെ ശക്തിയില്‍ തിരമാലകള്‍ 12 അടിവരെ ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങുമെന്നാണ് മിയാമിയിലെ സെന്റര്‍ മുന്നറിയിപ്പു നല്‍കുന്നത്.

രണ്ടര ദശലക്ഷത്തോളം ആളുകള്‍ക്കാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരെയും നിയമത്തിന്റെ പിന്‍ബലത്തില്‍ ഒഴിപ്പിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേപ്പിള്‍സില്‍നിന്നും 100 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ദിശയിലാണ് ഇയാന്‍ ചുഴലിക്കാറ്റിന്റെ രാവിലെ 6 നുള്ള സ്ഥാനം.

ബുധനാഴ്ച വൈകുന്നേരത്തോടെ ഫ്‌ളോറിഡയുടെ തീരങ്ങളില്‍ ചുഴലിക്കാറ്റ് ശക്തമാകുമെന്നാണ് പ്രവചനം. ഇപ്പോള്‍ ഏകദേശം 63 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നുണ്ട്. 46 സെന്റീമീറ്റര്‍ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുമുണ്ട്. സംസ്ഥാനത്തിന്റെ 350 കിലോമീറ്റര്‍ പ്രദേശത്ത് ചുഴലികൊടുങ്കാറ്റ് വീശിയടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

താംബ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, കീ വെസ്റ്റ് വിമാനത്താവളങ്ങള്‍ അടച്ചു. ഓര്‍ലാന്‍ഡോയിലെ തീം പാര്‍ക്കുകളും അടച്ചുപൂട്ടി. ഇയാന്‍ ചുഴലികൊടുങ്കാറ്റ് കടന്നുപോകുന്ന സ്ഥലങ്ങളില്‍ ദിവസങ്ങളോളം വൈദ്യുതി നിലയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്. ദുരിതബാധിതമാകുമെന്ന് മുന്നറിയിപ്പുള്ള സ്ഥലങ്ങളില്‍നിന്ന് നിരവധിപേര്‍ തങ്ങളുടെ കുഞ്ഞുങ്ങളുമായി കാല്‍നടയായി ഒഴിഞ്ഞുപോയിട്ടുണ്ട്. വെള്ളം നിറഞ്ഞ റോഡുകളിലൂടെ ബസുകളില്‍ നിരവധിപേരെ ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ തകര്‍ക്കപ്പെടാന്‍ സാധ്യതയുള്ള വീടുകളില്‍ കഴിയാനാണ് ചിലര്‍ തീരുമാനിച്ചിരിക്കുന്നത്.