ചണ്ഡീഗഡ്: ചണ്ഡീഗഡ് വിമാനത്താവളം ഷഹീദ് ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് പുനർനാമകരണം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനിയുടെ 115-ാം ജന്മവാർഷിക ദിനമാണിന്ന്. അദ്ദേഹത്തിനോടുള്ള ആദര സൂചകമായാണ് പേര് മാറ്റിയത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആണ് വിമാനത്താവളത്തിന് ഔദ്യോഗിക നാമകരണം ചെയ്തത്. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി വിമാനത്താവളത്തിന്റെ പേര് മാറ്റുമെന്ന് അറിയിച്ചിരുന്നു. 

ചടങ്ങിൽ പഞ്ചാബ്, ഹരിയാന ഗവർണർമാരായ ബൻവാരിലാൽ പുരോഹിത്, ബന്ദാരു ദത്താത്രയ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് എന്നിവരും പങ്കെടുത്തു. കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറൽ വി കെ സിംഗ് (റിട്ട), എയർപോർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാകേഷ് രഞ്ജൻ സഹായ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ഓരോ പഞ്ചാബികളുടേയും സ്വപ്ന സാക്ഷാത്കാരമാണെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞത്. ഇതിഹാസ രക്തസാക്ഷിയുടെ പേര് വിമാനത്താവളത്തിനിടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ‘മൻ കി ബാത്തിൽ’ നടത്തിയ പ്രഖ്യാപനം രാജ്യത്തെയാകെ ആഹ്ലാദത്തിലാക്കിയതായും മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു.