തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന്  മകളുടെ മുൻപിൽ വെച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ  ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു. 

കാട്ടാക്കടയിലെ സംഭവം ദൗർഭാഗ്യകരമാണെന്നും എന്നാൽ ജീവനക്കാര്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെഎസ്ആര്‍ടിസി സിഐടിയു യൂണിയൻ നേതാവ് സി.കെ.ഹരികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. യാത്രാ കണ്‍സെഷൻ അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ചെയ്തത്. എന്നാൽ അതു പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഓഫീസിലുണ്ടായിരുന്ന  വനിതാ ജീവനക്കാരോട് വരെ പ്രേമനൻ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണൻ പറഞ്ഞു. 

അതേസമയം സംഭവത്തിൽ ഇന്ന് ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആര്‍ടിസി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.  ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലന്‍സ് വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് വിഭാഗം വിശദമായി വീഡിയോ ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് എസ് അജികുമാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.