ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണയുമായി തുർക്കി ഗായിക മെലെക് മോസ്സോ. ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെലെക്കും മുടി മുറിച്ചു. ഒരു സ്‌റ്റേജ് ഷോയ്ക്കിടെയാണ് മെലെക് മുടി മറിച്ചത്. വേദിയിൽ വെച്ച് മുടി മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

സദാചാര പോലീസ് തടങ്കലിൽ വെച്ച ശേഷം മരിച്ച 22 കാരിയായ മെഹ്സ അമിനിയുടെ മരണത്തിന് ശേഷം ഇറാനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് മെഹ്‌സയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലും ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ച് എത്തിയത്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ നടന്ന പ്രതിഷേധത്തിൽ 75 ഓളം പേർ കൊല്ലപ്പെട്ടതായാണ് വിവരം.