ശ്രീനഗർ:

ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ കുൽഗാം ജില്ലയിലുള്ള അഹ്വാതു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.  ചൊവ്വാഴ്ച്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു പോലീസ് അറിയിച്ചു.

കുൽഗാമിലെ ബത്പോറയിൽ താമസിക്കുന്ന എംഡി ഷാഫി ഗാനി, കുൽഗാമിലെ തകിയയിൽ താമസിക്കുന്ന മുഹമ്മദ് ആസിഫ് വാനി എന്ന യാവർ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ഭീകരരും ജെയ്ഷെ മുഹമ്മദ്  ഭീകര സംഘടനയിലെ അംഗങ്ങളായിരുന്നു.

ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഉച്ചകഴിഞ്ഞ് 3.20 ഓടെ ജമ്മു കശ്മീർ പോലീസും സിആർപിഎഫും ചേർന്ന് പ്രദേശത്ത് സംയുക്ത തിരച്ചിൽ നടത്തി. തിരച്ചിലിനിടെ യാതൊരു പ്രകോപനവും കൂടാതെ ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ സുരക്ഷാ സേന തിരിച്ചടിയ്ക്കുകയും ചെയ്തു. 

വെടിവയ്പിനിടെ, ഒരു സൈനികന് പരിക്കേറ്റു. ഇദ്ദേഹത്തെ അവന്തിപുരയിലെ 438 ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭീകരർ നടത്തിയ വിവേചന രഹിതമായ വെടിവെപ്പിനെ തുടർന്ന് ഗ്യാസ് ഗോഡൗണിന് തീപിടിച്ചതായി സൈന്യം അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിൽ രണ്ട് എകെ സീരീസ് റൈഫിളുകളും ഗ്രനേഡുകളും കണ്ടെടുത്തു.