കഠിനാധ്വാനം ഒരിക്കലും പാഴാകില്ലെന്ന് തെളിയിക്കുകയാണ് വത്സൽ നഹാത എന്ന ഇന്ത്യൻ യുവാവ്. അമേരിക്കയിലെ യേൽ സർവകലാശാലയിൽനിന്ന് ബിരുദം പൂർത്തിയാക്കിയ 23കാരൻ ലോകബാങ്കിലെ തന്റെ സ്വപ്ന ജോലി ലഭിക്കുന്നതിന് മുമ്പായി വിവിധ കമ്പനികളിലേക്ക് അയച്ചത് 600 ഇമെയിലുകളും 80 ഫോൺ കോളുകളുമാണ്. 15,000ത്തിലധികം ആളുകൾ ലൈക്ക് ചെയ്‌ത ലിങ്ക്ഡ്‌ഇന്നിലെ നീണ്ട കുറിപ്പിൽ തന്റെ മുഴുവൻ പരിശ്രമവും വിവരിക്കുന്നുണ്ട്. നിരവധി പേരാണ് ഇത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. 

2020ൽ കോവിഡ് കാലത്ത് ബിരുദം പൂർത്തിയാക്കാനിരിക്കെയാണ് യുവാവിന്റെ പ്രചോദനാത്മക യാത്ര ആരംഭിച്ചത്. “ഇന്ത്യയിലേക്ക് മടങ്ങുന്നത് ഒരു ഓപ്ഷനല്ലെന്നും എന്റെ ആദ്യ ശമ്പളം ഡോളറിൽ മാത്രമായിരിക്കണമെന്നും ഞാൻ തീരുമാനിച്ചു. തുടർന്ന് നെറ്റ്‌വർക്കിങ്ങിൽ മുഴുകി. ജോലി അപേക്ഷ ഫോമുകളും ജോബ് പോർട്ടലുകളും പൂർണമായി ഒഴിവാക്കി. കോഴ്സ് പൂർത്തിയാക്കാൻ രണ്ട് മാസം മാത്രം അവശേഷിക്കെ, 1500ലധികം കണക്ഷൻ അഭ്യർഥനകളും 600 ഇമെയിലുകളും അയച്ചു. എന്നാൽ, അപേക്ഷ നിരസിച്ചുകൊണ്ടുള്ള മറുപടിയായിരുന്നു മിക്കയിടത്തുനിന്നും ലഭിച്ചത്.

2010ൽ പുറത്തിറങ്ങിയ ‘ദി സോഷ്യൽ നെറ്റ്‌വർക്ക്’ എന്ന ചിത്രത്തിലെ ‘ദ ജെന്റിൽ ഹം ഓഫ് ആങ്സൈറ്റി’ എന്ന ഗാനമാണ് യൂട്യൂബിൽ താൻ ഏറ്റവും കൂടുതൽ പ്ലേ ചെയ്തത്. എന്റെ ലക്ഷ്യം ഫലവത്താക്കാൻ നിരവധി വാതിലുകളിൽ മുട്ടി. മേയ് ആദ്യ വാരത്തോടെ നാലിടത്തുനിന്ന് ജോലി വാഗ്ദാനം ലഭിച്ചു. ഇതിൽ ലോകബാങ്കിലെ ജോലി തെരഞ്ഞെടുത്തു. എന്റെ ട്രെയിനിങ് പൂർത്തിയാക്കുമ്പോൾ വിസ സ്പോൺസർ ചെയ്യാനും അവർ തയാറായി. ലോകബാങ്കിന്റെ നിലവിലെ ഡയറക്ടർ ഓഫ് റിസർച്ചുമായി ഒരു മെഷീൻ ലേണിങ് പേപ്പറിന്റെ എഴുത്തിലും പങ്കാളിത്തം ലഭിച്ചു” നഹാത കുറിച്ചു.

തന്റെ അനുഭവം ലോകവുമായി പങ്കുവെക്കുന്നതിന്റെ ഉദ്ദേശ്യം, മോഹങ്ങൾ ഒരിക്കലും ഉപേക്ഷിക്കാതിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന് യുവാവ് പറഞ്ഞു. നിങ്ങളുടെ തെറ്റുകളിൽനിന്ന് പഠിക്കുകയും മതിയായ വാതിലുകളിൽ മുട്ടുകയും ചെയ്താൽ നല്ല ദിവസങ്ങൾ വരുമെന്നും അദ്ദേഹം പറഞ്ഞു.