ബുര്‍ഖ ധരിക്കാനും ഇസ്ലാമിക ആചാരങ്ങള്‍ പിന്തുടരാനും വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മുംബൈ സ്വദേശിയായ ഇഖ്ബാല്‍ മുഹമ്മദ് ഷെയ്ഖാണ് ഭാര്യ രൂപാലിയെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നാലെ യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തു. മുംബൈയിലെ തിലക് നഗറിലാണ് സംഭവം.

രൂപാലിയും ഇഖ്ബാല്‍ മൂന്ന് വര്‍ഷം മുമ്പായിരുന്നു വിവാഹിതരായത്. അന്ന് മുതല്‍ മുതല്‍ ഇസ്ലാം മതം പിന്തുടരാനും ബുര്‍ഖ ധരിക്കാനും ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്ന് നിരന്തരമായി സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ മതം മാറാന്‍ ഉള്‍പ്പെടെ യുവതി തയ്യാറായിരുന്നില്ല. പിന്നാലെ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് ജീവിക്കാന്‍ 22കാരി തീരുമാനിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി വിവാഹമോചനം ആവശ്യപ്പെട്ട് യുവതി ഭര്‍ത്താവിനെ കണ്ടു. എന്നാല്‍ കുട്ടിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ യുവതിയുടെ ആവശ്യം നിരസിച്ചു. കുട്ടിയെ തനിക്കൊപ്പം വിടണമെന്ന ഇഖ്ബാലിന്റെ ആവശ്യം ഭാര്യ തള്ളി. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് കത്തിയെടുത്ത് യുവതിയുടെ കഴുത്തറുത്തത്.

വിവാഹത്തിന്റെ ആദ്യ ദിവസം മുതല്‍ ഇസ്ലാമിക ആചാരങ്ങള്‍ പാലിക്കാനും ബുര്‍ഖ ധരിക്കാനും ഇഖ്ബാല്‍ ഷെയ്ഖും കുടുംബവും സമ്മര്‍ദം ചെലുത്തിയിരുന്നതായി രൂപാലിയുടെ കുടുംബാംഗങ്ങള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ രൂപാലി അതിന് സമ്മതിച്ചില്ല. ഇത് പലപ്പോഴും ഇരുവരും തമ്മില്‍ വഴക്കുണ്ടാകാന്‍ കാരണമായി. തുടര്‍ന്നാണ് രൂപാലിയും വീട് മാറി താമസിച്ചത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.