കൊച്ചി: ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. എന്നാല്‍ അറിയില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി. പിന്നാലെ വിഷയത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടി ഇതല്ലെന്ന് കോടതി വ്യക്തമാക്കി. ബിജെപി ഇന്റലകച്വല്‍ സെല്‍ മുന്‍ കണ്‍വീനറായ ടി ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. 

2019 ഡിസംബര്‍ 28ന് കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഹര്‍ജിക്കാരന്‍ വാദിച്ചത്. ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരനായ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നായിരുന്നു വാദം. സംഭവത്തില്‍ ഇതുവരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.