ഡല്‍ഹി: മദ്യനയക്കേസില്‍ കേസില്‍ സിബിഐയുടെ ആദ്യ അറസ്റ്റ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായി വിജയ് നായരാണ് അറസ്റ്റിലായത്. വിനോദ- ഇവന്റ് മീഡിയ കമ്പനിയായ ഒണ്‍ലി മച്ച് ലൗഡറിന്റെ മുന്‍ സിഇഒയാണ് അദ്ദേഹം. ഇഡിയും നേരത്തെ ഇയാളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിട്ടുണ്ട്. കേസിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളാണ് ഇയാളെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ, എട്ട് പേര്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതില്‍ വ്യവസായി വിജയ് നായരും ഉള്‍പ്പെട്ടിരുന്നു. ഇയാള്‍ ഒളിവിലാണെന്നാണ് അന്വേഷണ ഏജന്‍സി അറിയിച്ചത്. എന്നാല്‍ താന്‍ രക്ഷപ്പെടാനായി രാജ്യം വിട്ടിട്ടില്ലെന്നും വ്യക്തിപരമായ ജോലികള്‍ കാരണം ആഴ്ചകളോളം വിദേശത്തായിരുന്നുവെന്നും ഇയാള്‍ പിന്നീട് വ്യക്തമാക്കി. തുടര്‍ന്ന് സിബിഐയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സിസോദിയയ്ക്കെതിരായ മദ്യനയ കേസ് എന്താണ്?

കേസില്‍ പ്രതികളായ മനീഷ് സിസോദിയയും മറ്റ് പൊതുപ്രവര്‍ത്തകരും 2021-22 ലെ എക്സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കോമ്പീറ്റന്റ് അതോറിറ്റിയുടെ അംഗീകാരമില്ലാതെ എടുത്തത് ‘ടെന്‍ഡര്‍ കഴിഞ്ഞ് ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഉദ്ദേശത്തോടെയാണ്’ എന്ന് സിബിഐയുടെ എഫ്ഐആര്‍ പറയുന്നു.

എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകള്‍ നടത്തിയ മദ്യവ്യാപാരികളിലൊരാളായ ഇന്‍ഡോസ്പിരിറ്റിന്റെ ഉടമ സമീര്‍ മഹേന്ദ്രു സിസോദിയയുടെ ‘അടുത്ത കൂട്ടാളികള്‍ക്ക്’ കോടികളുടെ രണ്ട് പണമിടപാടുകളെങ്കിലും നടത്തിയതായി എഫ്ഐആര്‍ പറയുന്നു.

കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കായി മദ്യ ലൈസന്‍സികളില്‍ നിന്ന് ശേഖരിച്ച പണം കൈകാര്യം ചെയ്യുന്നതിലും വഴിതിരിച്ചുവിടുന്നതിലും സിസോദിയയുടെ ‘അടുത്ത കൂട്ടാളികള്‍’ സജീവമായി ഇടപെട്ടുവെന്നും എഫ്ഐആര്‍ ആരോപിക്കുന്നു. രണ്ട് പേയ്മെന്റുകളിലുമായി സിസോദിയയുടെ കൂട്ടാളികള്‍ ഏകദേശം 4 മുതല്‍ 5 കോടി രൂപ വരെ പിരിച്ചെടുത്തതായി എഫ്ഐആറില്‍ പറയുന്നു.

ക്രിമിനല്‍ ഗൂഢാലോചനയും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും സംബന്ധിച്ച എഫ്ഐആറില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 15 പേരുടെ പേരാണുള്ളത്. 2021-22 എക്സൈസ് നയം നടപ്പാക്കിയതിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയുടെ പരാമര്‍ശത്തെ അടിസ്ഥാനമാക്കിയാണ് എഫ്ഐആര്‍.