കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുംൈബ സന്ദർശനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ യുവാവ് നേരത്തേ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിലും നുഴഞ്ഞുകയറിയതായി വെളിപ്പെടുത്തൽ. മഹാരാഷ്ട്ര ധുളെ സ്വദേശിയും ആന്ധ്രപ്രദേശിലെ എംപിയുടെ ജീവനക്കാരനുമായ ഹേമന്ദ് പവാറാണ് (32) ഈ മാസം ആറിന് അറസ്റ്റിലായത്. നരേന്ദ്ര മോദി പങ്കെടുത്ത, ഗോവ മന്ത്രിസഭ അധികാരമേറ്റ ചടങ്ങിനിടെയാണ് ഹേമന്ദ് സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയത്. എന്നാൽ, പ്രധാനമന്ത്രിയുടെ സുരക്ഷാസംഘത്തിന്റെ അടുത്ത് എത്തിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. 

അമിത് ഷായുടെ സന്ദർശനത്തിനിടെ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും വസതികൾക്കു മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചു നിൽക്കുന്നതു കണ്ടു സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഹേമന്ദിനെ ചോദ്യം ചെയ്തത്. കേന്ദ്ര ഏജൻസിയിൽ നിന്നുള്ള ഉദ്യോഗസ്ഥാനാണെന്ന് മറുപടി പറഞ്ഞെങ്കിലും ചോദ്യം ചെയ്യലിൽ കള്ളി വെളിച്ചത്തായി.