ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന് വൻതോതിൽ പണം വന്നത് ഹവാല ഇടപാടുകളിലൂടെയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). സംഘടനയുടെ ആയിരക്കണക്കിന് പ്രവർത്തകർ ഗൾഫ് രാജ്യങ്ങളിലുണ്ടെന്നും ഇവർ വഴിയാണ് ഇന്ത്യയിലേക്ക് ഹവാല ഇടപാടുകളിലൂടെ പണം അയച്ചതെന്നുമാണ് ഇ.ഡി. വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 120 കോടി രൂപയിൽ ഭൂരിഭാഗവും ഇന്ത്യയിൽനിന്ന് ലഭിച്ച സംഭാവനകളാണെന്നായിരുന്നു നേരത്തെ പോപ്പുലർ ഫ്രണ്ടിന്റെ വാദം. എന്നാൽ ഈ അവകാശവാദത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ഇ.ഡി. ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അബുദാബിയിലെ ഒരു റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹികൾ ഹവാല ഇടപാടുകൾ നടത്തിയിരുന്നത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബി.പി. അബ്ദുൾ റസാഖായിരുന്നു അബുദാബിയിലെ റെസ്റ്റോറന്റ് വഴിയുള്ള കള്ളപ്പണ ഇടപാടുകളിൽ പങ്കുവഹിച്ചിരുന്നത്. ഇയാളുടെ സഹോദരനായിരുന്നു റെസ്റ്റോറന്റ് നോക്കിനടത്തിയിരുന്നത്. ഇയാൾ വഴിയാണ് അബ്ദുൾ റസാഖിന് പണം ലഭിച്ചിരുന്നതെന്നും അബ്ദുൾ റസാഖിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി വഴിയും കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

പോപ്പുലർ ഫ്രണ്ട് ഗൾഫ് നാടുകളിൽനിന്ന് പണം സമാഹരിച്ചശേഷം വ്യാജ സംഭാവന രസീതുകളുണ്ടാക്കി ഇന്ത്യയിലെ അധികൃതരെ കബളിപ്പിച്ചെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. അബുദാബിയിലെ റെസ്റ്റോറന്റിന്റെ ഉടമയും പോപ്പുലർ ഫ്രണ്ടിന്റെ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന എം.കെ. അഷ്റഫാണ് ഗൾഫിൽനിന്നുള്ള ഹവാല ഇടപാടുകളുടെ മുഖ്യസൂത്രധാരനെന്നാണ് ഇ.ഡി. അന്വേഷണസംഘം പറയുന്നത്. പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി കൂടിയാണ് ഇയാൾ.

കഴിഞ്ഞദിവസത്തെ റെയ്ഡിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക അംഗമായ ഷഫീക്ക് പയ്യേത്തിനെതിരേയും ഇ.ഡി.യ്ക്ക് തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെ ഭാഗമായി ഇയാൾ ഗൾഫിൽ പ്രവർത്തിച്ചിരുന്നു. പത്രത്തിന്റെ ബിസിനസ് ഡെവലപ്മെന്റ് മാനേജരായി രണ്ടുവർഷത്തോളമാണ് ഗൾഫിൽ ജോലിചെയ്തിരുന്നത്. ഖത്തറിൽനിന്ന് വൻതോതിൽ പണം സമാഹരിക്കേണ്ട ചുമതല നൽകിയിരുന്നത് ഇയാൾക്കായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.