ഇടുക്കി: പ്രസവം നി‍ർത്തിയ സ്ത്രീകൾക്കു പോലും കണ്ണൂരിലെ സർക്കാർ ആശുപത്രികളിലെത്തിയാൽ പ്രസവിക്കാൻ തോന്നുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സർക്കാർ ആശുപത്രികളിലെ മെച്ചപ്പെട്ട സൗകര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടായിരുന്നു ജയരാജന്‍റെ ഈ പരാമർശം. ഇടുക്കിയിൽ ധീരജിന്‍റെ കുടുംബ സഹായ നിധി കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ ജില്ലയിലെ ആശുപത്രി താന്‍ കണ്ടിട്ടില്ല.

പക്ഷേ കണ്ണൂര്‍ ജില്ലയിലെ ആശുപത്രി പോയി കണ്ടു. അവിടുത്തെ പ്രസവ വാര്‍ഡ് കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീക്ക് പോലും പ്രസവിക്കാന്‍ തോന്നുമെന്ന് ജയരാജന്‍ പറഞ്ഞു. വെറുതെ ബഡായി പറയുന്നതല്ല, ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യ നയം കൊണ്ട് ആശുപത്രി മെച്ചപ്പെട്ടു, ഡോക്ടറുണ്ടായി, മരുന്നുണ്ടായി. ആശുപത്രികള്‍ അങ്ങനെ മെച്ചപ്പെട്ട ഒറ്റ കാരണം കൊണ്ടാണ് കൊവിഡ് കാലത്ത് നമ്മള്‍ രക്ഷപ്പെട്ടതെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചു. ചരിത്ര പണ്ഡിതനായ ഡോ. ഇർഫാൻ ഹബീബിനെ ഗുണ്ട എന്നു വിളിച്ച ഗവ‍ർണറെയാണ് ആ പേരിട്ട് വിളിക്കേണ്ടതെന്ന് എം വി ജയരാജൻ പറഞ്ഞു. വീണ്ടും ജയിലിൽ പോകാൻ സമയമില്ലാത്തതിനാലാണ് അത് ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.