കീവ്: മാരിയുപോൾ ഉപരോധസമയത്ത് പിടിക്കപ്പെട്ട യുക്രൈന്‍ സൈനികന്‍റെ പുതിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ചയാകുന്നു. സൈനികന്‍റെ തടവിലാക്കപ്പെടുന്നതിന്‍റെ മുമ്പുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേര്‍ത്താണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കണ്ണീരോടെയല്ലാതെ സൈനികന്‍റെ ഇപ്പോഴത്തെ ചിത്രം ആര്‍ക്കും നോക്കാനാവില്ല. യുക്രൈന്‍ സൈനികനായ മൈഖൈലോ ഡയാനോവിന്‍റെ ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്.

മെലിഞ്ഞ് വളരെ ദുര്‍ബ്ബലനായ അവസ്ഥയിലാണ് മൈഖൈലോ ഇപ്പോഴുള്ളതെന്ന് ചിത്രത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ വർക്കുകൾ സംരക്ഷിക്കുന്നതിനായി പോരാടുന്നതിനിടെയാണ് മൈഖൈലോ ഡയാനോവ് തടവിലാക്കപ്പെട്ടത്. തുടര്‍ന്ന് മൈഖൈലോയെ ബുധനാഴ്ച രാത്രി വിട്ടയച്ചുവെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. മൈഖൈലോയുടെ മെയില്‍ എടുത്ത ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്.

ക്ഷീണിതനാണെങ്കിലും മൈഖൈലോ സമാധാന ചിഹ്നം കാണിച്ച് കൊണ്ട് പുഞ്ചിരിക്കുന്നതാണ് ആ ചിത്രം. എന്നാൽ സങ്കടകരമായ ഏറ്റവും പുതിയ ഫോട്ടോയിൽ മൈഖൈലോ ഡയനോവിന്റെ കൈയിലും മുഖത്തും പാടുകളും ചതവുകളും നിറഞ്ഞതായി കാണാം. മരിയുപോളിലെ യുദ്ധത്തെത്തുടർന്ന് കുപ്രസിദ്ധമായ റഷ്യൻ ജയിൽ ക്യാമ്പുകളിൽ നാല് മാസത്തെ തടവിന് ശേഷമാണ് മൈഖൈലോ മോചിതനായത്. മൈഖൈലോ ഡയാനോവിനെ കീവിലെ മിലിട്ടറി ഹോസ്പിറ്റലിലേക്ക് മാറ്റിയതായും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.