കൊച്ചി: കേരളത്തിലെ പ്രമുഖ നേതാക്കളെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എന്‍ഐഎ. പ്രതികളുടെ വീടുകളില്‍ കണ്ടെത്തിയ രേഖകള്‍ ഗൂഢാലോചനയ്ക്കു തെളിവാണെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് എന്‍ഐഎ വെളിപ്പെടുത്തിയത്.

ലഭിച്ച തെളിവുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. കോടതിവളപ്പില്‍ മുദ്രാവാക്യം മുഴക്കിയ പ്രതികളെ കോടതി താക്കീത് ചെയ്തു. ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്ന് എന്‍ഐഎ കോടതി പറഞ്ഞു. പ്രതികളെ ഏഴുദിവസം കസ്റ്റഡിയില്‍ വിട്ടു.

ബിഹാറില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. ജൂലൈയില്‍ ബിഹാറിലെ പറ്റ്‌നയില്‍ വെച്ച് നടന്ന റാലിയില്‍ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് ഷെഫീഖിനെതിരായ ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയെ മാത്രമല്ല, യുപിയിലെ ചില നേതാക്കളെയും വധിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് നിന്ന് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കസ്റ്റഡി അപേക്ഷ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും.

മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉള്‍പ്പെടെ എന്‍ഐഎ അറസ്റ്റ് ചെയ്ത 18 പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ എന്‍ഐഎ ചോദ്യം ചെയ്ത് വരികയാണ്. നാല് ദിവസത്തെ കസ്റ്റഡിയിലാണ് ഇവരെ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നത്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് നല്‍കുന്ന സൂചനകള്‍. 11 പേരുടെ ജാമ്യാപേക്ഷ ഇന്ന് കൊച്ചി എന്‍ഐഎ കോടതി പരിഗണിക്കുന്നുമുണ്ട്.