മലപ്പുറം:കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡ് ഇരുചെവിയറിയാതെ. അത്രയും ആസൂത്രണത്തോടെയായിരുന്നു ഓരോ നീക്കവും. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡിനെത്തിയത് ഇരുനൂറിലേറെ പേരടങ്ങുന്ന സംഘമായിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഇതിനായി ഉദ്യോഗസ്ഥരെ ഇവിടെ എത്തിക്കുകയായിരുന്നു.

കേരളത്തിൽ അമ്പത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഒരു ടീമിൽ നാലുപേരായിരുന്നു. ഇവർക്ക് സുരക്ഷയൊരുക്കിയത് 50 പേർ വീതമടങ്ങുന്ന കേന്ദ്രസേന. ഇതിനായി കേന്ദ്ര റിസർവ് പോലീസിലെയും ദ്രുതകർമസേനയിലെയും അംഗങ്ങളെ നേരത്തേ എത്തിച്ചു. പിടിയിലാകുന്നവരെ കൊണ്ടുപോകാൻ അതിർത്തിരക്ഷാസേനയുടെ എഴുപത്തിയഞ്ചോളം സീറ്റുള്ള പ്രത്യേക വിമാനം കരിപ്പൂരിൽ നേരത്തേ എത്തിച്ചിരുന്നു. ഓരോ ടീമും എന്തൊക്കെ ചെയ്യണമെന്നും ഏതൊക്കെ രേഖകൾ കണ്ടെത്തണമെന്നും നിർദേശിച്ചിരുന്നു.

രാജ്യത്ത് എൻ.ഐ.എ. നടത്തിയ ഏറ്റവും വലിയ റെയ്ഡുകളിലൊന്നാണ് വ്യാഴാഴ്ച പുലർച്ചെ നടന്നത്. എൻ.ഐ.എ.യുടെ ദക്ഷിണേന്ത്യൻ ചുമതലവഹിക്കുന്ന കൊച്ചിയിലെ ഐ.ജി. സന്തോഷ് രസ്തോഗിയാണ് ഇതിന് ചുക്കാൻപിടിച്ചത്. ഡി.ഐ.ജി.മാരായ കാളകാട് മഹേഷ്കുമാർ (ബെംഗളൂരു), കെ.ബി. വന്ദന, അഷീഷ് ചൗധരി (ഡൽഹി) എന്നിവരും മറ്റ് അഞ്ച് എസ്.പി.മാരും ഇതിനായി കേരളത്തിലെത്തി.

എൻ.ഐ.എ. ഉദ്യോഗസ്ഥർ ഞായറാഴ്ചതന്നെ വിവിധ കേന്ദ്രങ്ങളിലെത്തി ഹോട്ടലിൽ തങ്ങി. പിടികൂടേണ്ടവരുടെ വീടുകൾ നേരത്തേ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഒരുമണിക്കൂർകൊണ്ട് വീടുകളിൽ എത്താവുന്ന ദൂരത്തിലാണ് ഉദ്യോഗസ്ഥർ താമസിച്ചത്. പുലർച്ചെ രണ്ടരയോടെ ഇവർ ഹോട്ടലിൽനിന്നിറങ്ങി നേരെ വീടുകളിലേക്ക് പുറപ്പെട്ടു. സെർച്ച് വാറണ്ട് കാണിച്ച് ലക്ഷ്യമിട്ടവരെ പിടികൂടി കൊണ്ടുപോയി. രാത്രിയായതിനാൽ ചെറുത്തുനിൽപ്പോ പ്രതിഷേധങ്ങളോ ഉണ്ടായില്ല.

മലബാർ മേഖലയിലെ പ്രതികളുമായി പുലർച്ചെ അഞ്ചരയോടെ ഓരോ സംഘവും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിത്തുടങ്ങിയിരുന്നു. ഒമ്പതുമണിയോടെ പ്രതികളുമായി വിമാനം മടങ്ങി. ഒരു പ്രതിക്ക് ഒരു ഉദ്യോഗസ്ഥൻ വീതമായിരുന്നു വിമാനത്തിൽ.

തീവ്രവാദവിരുദ്ധ നിയമപ്രകാരം കൊച്ചി, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ രജിസ്റ്റർചെയ്തിരുന്ന കേസുകളിൽ ആകെ 33 പേരെയാണ് കേരളത്തിൽനിന്ന് പിടികൂടിയത്. ഇതിൽ 13 പേർ ഡൽഹിയിൽ രജിസ്റ്റർചെയ്ത കേസിലും 12 പേർ കൊച്ചിയിലെ കേസിലും എട്ടുപേർ ഹൈദരാബാദിലെ കേസിലുമാണ് പിടിയിലായത്. ഓരോ സ്ഥലത്തെയും കേസിൽ ഉൾപ്പെട്ടവരെ വ്യാഴാഴ്ചതന്നെ അതത് കേന്ദ്രങ്ങളിൽ എത്തിച്ചു. മലപ്പുറത്തുമാത്രം പത്തുസംഘങ്ങൾ റെയ്ഡിനുണ്ടായിരുന്നു. രാജ്യത്ത് അട്ടിമറിനടത്താൻ വിദേശത്തുനിന്ന് പണം കടത്തി, സാമുദായിക സൗഹാർദം തകർക്കാൻ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെപേരിൽ ചുമത്തിയിരിക്കുന്നത്.

കേരളത്തിൽ പോലീസിനെ ആശ്രയിക്കാതെ കേന്ദ്രസേനയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. കൊച്ചിയിലേക്ക് സി.ആർ.പി.എഫിന്റെ റാഞ്ചി കേഡറിലെ 10 കമ്പനികളിൽനിന്നുള്ള 750 ഭടന്മാരാണ് എത്തിയത്. അഞ്ചുദിവസംമുമ്പ് കൊച്ചിയിലെത്തിച്ച ഇവരോട് ജോലി എന്താണെന്ന് അവസാന നിമിഷംവരെ അറിയിച്ചിരുന്നില്ല. ബുധനാഴ്ച വൈകുന്നേരമാണ് ഓപ്പറേഷന് തയ്യാറാകാൻ നിർദേശിച്ചത്.