നാഗ്പൂര്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ട20 പരമ്പരയില്‍ ഒപ്പമെത്തി. മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം എട്ടോവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 7.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 20 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഇന്ത്യക്ക് ജയൊമരുക്കിയത്.

അവസാന ഓവറില്‍ 9 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യക്കായി ആദ്യ രണ്ട് പന്തില്‍ സിക്സും ഫോറും നേടി രണ്ട് പന്തില്‍ 10 റണ്‍സുമായി കാര്‍ത്തിക് ഫിനിഷ് ചെയ്തു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. സ്കോര്‍ ഓസ്ട്രേലിയ 8 ഓവറില്‍ 90-5, ഇന്ത്യ 7.2 ഓവറില്‍ 92-4.പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 25ന് ഹൈദരാബാദില്‍ നടക്കും.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ക്യാപ്റ്റന്‍ മാത്യു വെയ്ഡിന്‍റെയും ആരോണ്‍ ഫിഞ്ചിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ മികവിലാണ് എട്ടോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തത്. വെയ്ഡ് 19 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഫിഞ്ച് 15 പന്തില്‍ 31 റണ്‍സെടുത്തു. ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റുമായി തിളങ്ങി.