പണം കൈമാറ്റം ചെയ്യുമ്പോൾ നമുക്കൊക്കെ തെറ്റ് പറ്റുന്നത് സാധാരണമാണ്. എന്നാൽ, ബാങ്കിന് തന്നെ തെറ്റുപറ്റിയാൽ എന്ത് ചെയ്യും. അങ്ങനെ ഒരു വലിയ അബദ്ധം പറ്റിയതിന്റെ വാർത്തയാണ് ഇത്. ന്യൂസിലാൻഡിലെ വെസ്റ്റ് പാക്ക് ബാങ്കിനാണ് ഇത്തരത്തിൽ അബദ്ധം സംഭവിച്ചത്. ബാങ്കിൽ ലോണിന് അപേക്ഷിച്ച ദമ്പതികളുടെ അക്കൗണ്ടിലേക്ക് അഞ്ചു മില്യൻ പൗണ്ട് ആണ് അബദ്ധവശാൽ നിക്ഷേപിക്കപ്പെട്ടത്. അക്കൗണ്ടിൽ കയറിയ പണം കണ്ട് കണ്ണ് തള്ളിപ്പോയ ദമ്പതികൾ അത് തിരികെ കൊടുക്കാൻ ഒന്നും പോയില്ല. പകരം എന്ത് ചെയ്തെന്നോ? കിട്ടിയ അവസരം മുതലാക്കി ജീവിതം അങ്ങ് ആഘോഷിക്കാൻ തീരുമാനിച്ചു. അങ്ങനെ അവർ വിവിധ കാസിനോകളിലും ആഡംബര ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒക്കെയായി ആ പണം ചെലവഴിച്ചു തീർത്തു.

2012 -ൽ ന്യൂസിലൻഡിലെ റോട്ടോറുവയിലെ തന്റെ പെട്രോൾ സ്റ്റേഷൻ ബിസിനസിന്റെ ആവശ്യത്തിനായി ഹുയി ലിയോ ഗാവോ 52,000 പൗണ്ട് ഓവർഡ്രാഫ്റ്റിനായി അപേക്ഷിച്ചിരുന്നു. വായ്പയ്ക്ക് വെസ്റ്റ്പാക് ബാങ്ക് അംഗീകാരം നൽകിയെങ്കിലും ബാങ്കിലെ ഒരു ക്ലർക്കിന് പറ്റിയ അബദ്ധം ഹുയിയെ കോടീശ്വരൻ ആക്കി മാറ്റി.

തങ്ങളുടെ അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി കുമിഞ്ഞുകൂടിയ പണം കൊണ്ട് ജീവിതമങ്ങ് ആഘോഷിക്കാൻ ഹുയിയും അയാളുടെ ഭാര്യ കാര ഹാറിങ്ങും തീരുമാനിച്ചു. അങ്ങനെ അവർ ആ പണവുമായി നാട് വിട്ടു. പൊലീസ് ഇവർക്കായി വ്യാപകമായ അന്വേഷണം തുടങ്ങി, ഒടുവിൽ അവരെ കണ്ടെത്തി അറസ്റ്റ് ചെയ്തു. എന്നാൽ പൊലീസ് അറസ്റ്റുചെയ്യുന്നതിന് മുമ്പ് ദമ്പതികൾ മൊത്തം 3.5 മില്യൺ പൗണ്ട് പിൻവലിക്കുകയും ചെലവഴിക്കുകയും ചെയ്തു. 23 ബാങ്ക് അകൗണ്ടുകൾ ഉപയോഗിച്ചാണ് ഇവർ പണം മുഴുവൻ പിൻവലിച്ചത്. പിൻവലിച്ച പണവുമായി ദമ്പതികൾ നാടുവിട്ടത് ചൈനയിലേക്ക് ആണ്.

എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള ഹറിംഗിന്റെ വിവരണത്തെ അടിസ്ഥാനമാക്കി ദമ്പതികളുടെ കഥ 2019 -ൽ ‘റൺവേ മില്യണയേഴ്‌സ്’ എന്ന സിനിമയാക്കിയിട്ടുണ്ട്.