ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി ചെലവഴിച്ചത് 340 കോടിയിലേറെ രൂപയെന്ന് റിപ്പോർട്ടുകൾ. യു.പിയിലാണ് ഏറ്റവും കൂടുതൽ ചെലവഴിച്ചത്. എന്നാൽ, പ്രചാരണത്തിനായി കോൺഗ്രസിന് ചെലവായത് 194 കോടിയിലേറെ രൂപയാണ്. ഇഡിക്ക് സമർപ്പിച്ച കണക്കുകളിലാണ് പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ് വ്യക്തമാക്കിയത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തെരഞ്ഞെടുപ്പ് ചെലവ് റിപ്പോര്‍ട്ട് ഇഡിക്ക് മുമ്പാകെ സമര്‍പ്പിക്കേണ്ടതുണ്ട്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായാണ് ബി.ജെ.പി 340 കോടി രൂപയിലധികം ചെലവഴിച്ചത്. 221 കോടിയാണ് യുപിയിൽ മാത്രം ചെലവഴിച്ചത്. മണിപ്പൂരില്‍ 23 കോടി, ഉത്തരാഖണ്ഡില്‍ 43.67 കോടി, പഞ്ചാബില്‍ 36 കോടി, ഗോവയില്‍ 19 കോടി എന്നിങ്ങനെയാണ് ബിജെപി ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.